പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ടൗണിലെ ഓട നിര്‍മ്മാണം വിവാദത്തില്‍. ഓടയുടെ ദിശ മാറ്റി മറിച്ച് എസ് വളവുകള്‍ തീര്‍ത്താണ് നിര്‍മ്മാണം. വ്യക്തികളുടെ ഭൂമി സംരക്ഷിക്കാനാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ ഓടയുടെ വീതികുറയ്ക്കുകയും വളച്ച് തിരിക്കുകയും ചെയ്യുന്നത്.
പലയിടത്തും വ്യാപാര സ്ഥാപനങ്ങളുടെ പടികള്‍ സംരക്ഷിക്കാന്‍ ഓടയുടെ ദിശ മാറ്റിയിരിക്കുന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ വ്യാപക പരാതിയാണ് ഉയരുന്നത്. കോന്നിയില്‍ റോഡ് നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ പരാതികളുണ്ടായിരുന്നു. ഇളകൊള്ളൂര്‍ ബ്ലോക്ക് ഓഫീസിന് എതിര്‍ ഭാഗത്ത് വ്യക്തികളെ സഹായിക്കാന്‍ റോഡിന്റെ ദിശയില്‍ മാറ്റമുണ്ടാക്കിയത് പരാതികള്‍ക്കിടയാക്കിയിരുന്നു.
കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ ഏറ്റെടുത്ത സ്ഥലം പോലും പൂര്‍ണമായി ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. റോഡിന് കാര്യമായ വീതി വര്‍ധനവ് ഉണ്ടായിട്ടില്ല. സെന്‍ട്രല്‍ ജങ്ഷനില്‍ നിലവിലെ റോഡ് ഉയര്‍ത്തും എന്നാണ് തുടക്കത്തില്‍ അധികൃതര്‍ പഞ്ഞിരുന്നത്. എന്നാല്‍ ഇതുണ്ടായില്ല. റോഡ് ഉയര്‍ത്തിയാല്‍ സമീപത്തെ കടകളിലേക്ക് മഴവെള്ളം കയറുമെന്നും അവരെ സംരക്ഷിക്കാനായി ഉയര്‍ത്തല്‍ ഒഴിവാക്കിയതെന്നും പറയുന്നു.
റോഡ് ഉയര്‍ത്താത്തത് സെന്‍ട്രല്‍ ജങ്ഷനിലടക്കം വെള്ളക്കെട്ടിന് കാരണമാകും. പ്രധാന കവലയിലേക്ക് മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഓടകളില്‍കൂടി ഒഴിഞ്ഞു പോകാതെ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. റോഡ് നവീകരിച്ചാലും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. ഇടുങ്ങിയ ഓടയുടെ ഒടിവുകളും വളവുകളും വെള്ളമൊഴുക്കിന് തടസമാകും. പലയിടത്തും ഓടയുടെ നടുവില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാതെയാണ് നിര്‍മ്മാണം. ഇതില്‍ ചപ്പു ചവറുകള്‍ തടഞ്ഞ് ഓടയിലെ ജലപ്രവാഹം തടസപ്പെട്ട് റോഡിലൂടെ വെള്ളം ഒഴുകും.
മഴയത്ത് കോന്നി വലിയപള്ളിയുടെ ഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനഗതാഗതത്തിനും തടസമാകുന്നു. വ്യക്തികളെ വഴിവിട്ട് സഹായിക്കാന്‍ ഓടയുടെ ഗതിയില്‍ മാറ്റമുണ്ടാക്കുന്നത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണെന്ന ആക്ഷേപം ശക്തമാണ്. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് പരാതി.