ഓമല്ലൂര്‍ അമ്പലത്തില്‍ കാവിക്കൊടിക്കൊപ്പം ഡിവൈ.എഫ്.ഐക്ക് വെള്ളക്കൊടി കെട്ടണം: പ്രതിഷേധവുമായി ഭക്തര്‍, സംഘര്‍ഷം

0 second read
Comments Off on ഓമല്ലൂര്‍ അമ്പലത്തില്‍ കാവിക്കൊടിക്കൊപ്പം ഡിവൈ.എഫ്.ഐക്ക് വെള്ളക്കൊടി കെട്ടണം: പ്രതിഷേധവുമായി ഭക്തര്‍, സംഘര്‍ഷം
1

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഓമല്ലൂര്‍ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താന്‍ ഡിവൈഎഫ്‌ഐയുടെ ശ്രമം. ക്ഷേത്രവളപ്പില്‍ ഡിവൈഎഫ്‌ഐയുടെ കൊടികെട്ടാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ത്രീകള്‍ അടക്കമുള്ള ഭക്തര്‍ രംഗത്തു വന്നു. ഇന്നാട്ടിലുള്ള ഒരാള്‍ പോലുമില്ലാതെ, പത്തനംതിട്ടയിലുള്ള ഇതരമതസ്ഥര്‍ അടക്കം വന്ന് കൊടികെട്ടുന്നത് കലാപത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഭക്തര്‍ റോഡിലിറങ്ങിയതോടെ സംഘര്‍ഷാവസ്ഥ സംജാതമായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ജിബു ജോണ്‍(പത്തനംതിട്ട), കെ.എസ്. വിജയന്‍ (മലയാലപ്പുഴ) എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സിപിഎം ഏരിയാ സെക്രട്ടറി പി.ആര്‍. പ്രദീപ്, ലോക്കല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ എന്നിവരും ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും ഒഴിവാക്കി. എന്നിട്ടും ഭക്തരുടെ പ്രതിഷേധം തുടര്‍ന്നു. രാത്രി നടക്കുന്ന കലാപരിപാടികളില്‍ നുഴഞ്ഞു കയറി ഇവര്‍ കുഴപ്പമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഭക്തര്‍.

ഇന്നു മുതല്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മധ്യതിരുവിതാംകൂറില്‍ അവസാനത്തേതാണ്. ഓമല്ലൂര്‍ ഉത്സവം കൊടിയിറങ്ങുന്നതോടെ മധ്യതിരുവിതാംകൂറിലെ ക്ഷേത്ര ഉല്‍സവങ്ങള്‍ക്ക് സമാപനമാകും. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭരണ സമിതി ഉത്സവത്തിന് തൊട്ടുമുന്‍പ് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പിരിച്ചു വിട്ടിരുന്നു. പകരം സിപിഎം നേതാക്കള്‍ അടങ്ങുന്ന അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വന്നു. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രഭരണ സമിതിയുടെയും തീരുമാന പ്രകാരം ഉത്സവ ദിനങ്ങളില്‍ ക്ഷേത്രത്തിലും പുറത്തും കാവിക്കൊടി കെട്ടുന്നത് സംബന്ധിച്ച ഡിവൈ.എസ്പിയുടെ സാന്നിധ്യത്തില്‍ തീരുമാനമെടുത്ത് എഴുതി ഒപ്പിടുകയും ചെയ്തിരുന്നു. അതനുസരിച്ച് ക്ഷേത്രഗോപുരങ്ങളില്‍ കൊടിയും മതിലിനും കുളത്തിനും മുകളില്‍ തോരണവും കെട്ടാന്‍ ധാരണയായി. അമ്പലത്തിന് സമീപമുള്ള റോഡിലും മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ആറാട്ട് കടവിലേക്കും കൊടി തോരണങ്ങള്‍ വേണ്ടെന്നും ധാരണയുണ്ടായിരുന്നു. ധാരണാ പ്രകാരം ക്ഷേത്രഗോപുരത്തിലും അമ്പലക്കുളത്തിന് ചുറ്റും മതിലിന് മുകളിലും കൊടി സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍, ഇതിനെതിരേ ഡിവൈഎഫ്‌ഐ സ്വമേധയാ രംഗത്തു വരികയായിരുന്നു. ക്ഷേത്രഗോപുരത്തില്‍ കാവിക്കൊടി കെട്ടിയാല്‍ ഡിവൈഎഫ്‌ഐയുടെ വെള്ളക്കൊടിയും കെട്ടുമെന്നായിരുന്നു ഭീഷണി. ഇതിനായിട്ടാണ് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ തയാറായതും വന്നതും. ഉത്സവ കൊടിയേറ്റ് രാവിലെ ഒമ്പതരയോടെ കഴിഞ്ഞു. കൊടിയേറ്റ് സദ്യ ഉദ്ഘാടനം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ വന്നു പോയപ്പോഴാണ് ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ വെള്ളക്കൊടിയുമായി സംഘടിച്ചത്. വിവരമറിഞ്ഞ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ നിന്ന് ഉത്സവകമ്മറ്റി ഭാരവാഹികളും ഭക്തജനങ്ങളും പുറത്തേക്ക് വന്നു. ഇരുകൂട്ടരും മുഖാമുഖം നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയായി.

ശക്തമായ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിലുള്ള പത്തനംതിട്ടകൈപ്പട്ടൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. കൊടിയേറ്റ് കാണുന്നതിനും സദ്യ കഴിക്കുന്നതിനും വേണ്ടി വന്ന നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങി. ഇതര മതസ്ഥരായവര്‍ ചേര്‍ന്ന് ഉത്സവം അലങ്കോലപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ക്ഷേത്രവളപ്പില്‍ കൊടികെട്ടിയാല്‍ ശബരിമല സമരകാലത്തെ അനുഭവം ഉണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ നാമജപവുമായി റോഡിലേക്ക് ഇറങ്ങിയിരിക്കുമെന്നും അറിയിച്ചു. ഭക്തജനങ്ങളോട് സംഘടിക്കാന്‍ അനൗണ്‍സ്‌മെന്റ് കൂടിയായതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയായി. പ്രശ്‌നങ്ങള്‍ക്ക് വര്‍ഗീയ നിറം കൂടി ചാര്‍ത്തപ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം ഏരിയാ സെക്രട്ടറി പിആര്‍ പ്രദീപ്, ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ബൈജു ഓമല്ലൂര്‍ എന്നിവര്‍ക്ക് അപകടം മണത്തു. ഇവര്‍ ഇടപെട്ട് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും ഭക്തര്‍ പിന്മാറാന്‍ തയാറായില്ല. ഇതിനിടെ മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കളം മൂപ്പിച്ചു. അതേ നാണയത്തില്‍ ശരണം വിളികളുമായി ഭക്തരും മുഖാമുഖം നിരന്നു. അമ്പലവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി പി.ആര്‍. പ്രദീപ് ഭക്തരോട് പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ പിന്‍വലിക്കാമെന്ന് നേതാക്കള്‍ അറിയിച്ചു. പകരം, ഭക്തര്‍ ശാന്തരാവുകയും പിന്തിരിയുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് പിന്തിരിഞ്ഞു പോകാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ അല്‍പം അകലേക്ക് മാറി ക്ഷേത്രപരിസരത്തുള്ള റോഡില്‍ നിലയുറപ്പിച്ചു. ഡിവൈ.എസ്.പി നന്ദകുമാര്‍ സ്ഥലത്ത് വന്ന് ഇരുകൂട്ടരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐക്കാര്‍ പൂര്‍ണമായും പിരിഞ്ഞു പോകാതെ തങ്ങള്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നായിരുന്നു ഭക്തരുടെ നിലപാട്. ഇതിനിടെ അഡ്‌ഹോക്ക് കമ്മറ്റി കണ്‍വീനറായ എ.ആര്‍. ശശിധരന്‍ നായര്‍ക്ക് നേരെ ഭക്തര്‍ തിരിഞ്ഞു. പാര്‍ട്ടിക്കാരുടെ ഇടപെടലുണ്ടാകാന്‍ കാരണമായി എന്ന് ആരോപിച്ചായിരുന്നു ശശിധരന്‍ നായര്‍ക്കെതിരേ തിരിഞ്ഞത്.

ഡിവൈഎഫ്‌ഐ മനപൂര്‍വം പ്രകോപനമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ഭക്തര്‍ ഡിവൈ.എസ്പിയെ അറിയിച്ചു. തന്റെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ലംഘിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ സ്ഥിതിക്ക് ഇവിടെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഏരിയാലോക്കല്‍ സെക്രട്ടറിമാരോട് തന്റെ നിലപാട് ഡിവൈ.എസ്.പി വ്യക്തമാക്കി. വിഷയം വളരെ ഗൗരവകരമാണെന്ന് നേതാക്കള്‍ സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് വര്‍ഗീയ നിറം വന്നതോടെ ഭക്തര്‍ ഒറ്റക്കെട്ടായെന്നും കാര്യങ്ങള്‍ കൈവിട്ടു പോയെന്നുമുള്ള നിലപാടിലായിരുന്നു ഇരുവരും. വിഷയം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെയെന്ന് പറഞ്ഞ ഇരുവരും പ്രവര്‍ത്തകരെ പിരിച്ചു വിടുകയും ചെയ്തു.

പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുമെന്ന ആശങ്ക ഭക്തര്‍ ഡിവൈ.എസ്.പിയെ അറിയിച്ചു. രാത്രിയില്‍ നടക്കുന്ന പരിപാടികള്‍ക്കിടയില്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഉത്സവകമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ക്ഷേത്രത്തില്‍ ചേരുകയും ചെയ്തു. ഇനിയും പ്രശ്‌നവുമായി വന്നാല്‍ നേരിടാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …