പത്തനംതിട്ട: മിനി സിവില്‍ സ്‌റ്റേഷനിലെ ഫൈനാന്‍സ് കോംപ്ലക്‌സില്‍ ലിഫ്ട് നിര്‍മാണം പൂര്‍ത്തിയായി. കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ വില്‍പന നികുതി, ജി.എസ്.ടി ഓഫീസുകളും രണ്ടാം നിലയില്‍ ജില്ലാ ട്രഷറിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലും മറ്റ് വിവിധ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ ആവശ്യങ്ങള്‍ക്കായി നിരവധി രോഗികള്‍ അടക്കം നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ലിഫ്ട് സംവിധാനം ഇല്ലാത്തതിനാല്‍ അവശ നിലയിലുള്ളവരെ മൂന്നും നാലും പേര്‍ ചേര്‍ന്ന് ചുമന്നാണ് വിവിധ ഓഫീസുകളില്‍ എത്തിക്കുന്നത്. 2002 ല്‍ നിര്‍മിച്ച കെട്ടിടമാണിത്.
ഇവിടെ ലിഫ്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ക്ലാര്‍ക്കും പി.എല്‍.വിയുമായ ടി.കെ. പുരുഷോത്തമന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ എതിര്‍ കക്ഷിയാക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ ലിഫ്ട് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.