പത്തനംതിട്ട: സ്ത്രീകളെയും കുട്ടിയെയും വീട്ടില്‍ ബന്ദിയാക്കിയെന്ന പരാതിയില്‍ മലയാലപ്പുഴ വാസന്തി മഠത്തില്‍ ശോഭന, സുഹൃത്ത് ഉണ്ണികൃഷ്ണന് എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കുട്ടിയെയും സ്ത്രീകളെയും താന്‍ വീട്ടില്‍ പൂട്ടിയിട്ടുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ശോഭന പൊലീസില്‍ മൊഴി നല്കി. ശോഭനയുടെ വീട് അടിച്ചു തകര്‍ത്തതിന് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസുമെടുത്തു.
ശോഭന പൊലീസിന് നല്കിയ മൊഴി ഇങ്ങനെ:
ഉണ്ണികൃഷ്ണന് ജയിലില്‍ വച്ച് പരിചയപ്പെട്ടതാണ് പത്തനാപുരം സ്വദേശിയായ അനീഷ് ജോണിനെ. ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് അനീഷ് ആറു യക്ഷം രൂപ വാങ്ങി. പിന്നീട് തിരിച്ചു നല്‍കിയില്ല. ഇടനിലക്കാരന് വഴിയും ഓണ്‍ലൈനിലൂടെയുമാണ് പരാതി നല്‍കിയത്. അനീഷിനും കുടുംബത്തിനും സ്വന്തമായി വീടില്ലാത്തതിനാലാണ് വാസന്തി മഠത്തില്‍ താമസിക്കാന്‍ അവസരം കൊടുത്തത്. വീടിന്റെ മുന്‍വാതില്‍ മാത്രമാണ് പൂട്ടിയിരുന്നത്. പിന്‍വാതില്‍ പൂട്ടാറില്ലെന്നും ശോഭന പറഞ്ഞു.
അനീഷിന്റെ മാതാവ് എസ്തറിനെയും ഭാര്യ ശുഭയേയും എട്ടുവയസുള്ള മകളേയും മര്‍ദിച്ചുവെന്നു പറയുന്നത് കള്ളമാണെന്നാണ് പൊലീസിന്റെ നിഗമനം. മൂന്നു ദിവസം മുന്‍പ് എറണാകുളത്ത് പോയ ഉണ്ണികൃഷ്ണനും കായംകുളത്തെ ബന്ധു വീട്ടിലായിരുന്നശോഭനയും ഇന്നലെ വൈകിട്ട് മൂന്നരയോടെ അയല്‍വാസി രവീന്ദ്രനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ അനീഷിനെ പൊലീസ് വിളിച്ചപ്പോള്‍ സ്ഥലത്തില്ലാത്തതിനാല്‍ എത്താന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് ഇയാള്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കും.