സാജി സോമന്‍ തിരിച്ചു വരുന്നു: ഇക്കുറി ഒരൊന്നൊന്നര വരവാണ് കേട്ടോ..

1 second read
Comments Off on സാജി സോമന്‍ തിരിച്ചു വരുന്നു: ഇക്കുറി ഒരൊന്നൊന്നര വരവാണ് കേട്ടോ..
0

എം.ജി സോമന്‍. ആമുഖം വേണ്ടാത്ത മലയാള സിനിമയിലെ നടന്‍. മലയാളിക്ക് മറക്കാന്‍ കഴിയാത്ത ഒരു പാട് കഥാപാത്രങ്ങള്‍ ചെയ്ത തിരുവല്ലാക്കാരന്‍. സോമന്‍ ഓര്‍മയായിട്ട് 25 വര്‍ഷം പൂര്‍ത്തിയായി. ഈ വേളയില്‍ സിനിമയില്‍ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് സോമന്റെ മകന്‍ സാജി സോമന്‍.

രഞ്ജന്‍ പ്രമോദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഓ ബേബി എന്ന ചിത്രത്തില്‍ ദിലീഷ് പോത്തനൊപ്പം നായക തുല്യമായ വേഷം ചെയ്താണ് സാജി സോമന്റെ രണ്ടാം വരവ്. സാജിക്കൊപ്പം സിനിമാ ജീവിതം തുടങ്ങിയ താരപുത്രന്മാര്‍ ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. 15 വര്‍ഷം മുന്‍പ് എ.കെ. സാജനും എ.കെ. സന്തോഷും ചേര്‍ന്നൊരുക്കിയ സസ്‌റ്റോപ്പ് വയലന്‍സ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം നായക വേഷം ചെയ്തായിരുന്നു സാജി സോമന്റെ തുടക്കം. എണ്‍പതുകളിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

സിനിമ വന്‍ വിജയമായിരുന്നു. ഇത് പൃഥ്വിരാജിന്റെ രണ്ടാമത്തെ സിനിമയായിരുന്നു. പക്ഷേ, ആദ്യം തീയറ്ററുകളിലെത്തിയത് സ്‌റ്റോപ്പ് വയലന്‍സായിരുന്നു. അതിന് ശേഷം പൃഥ്വിരാജിന് കൈ നിറയെ ചിത്രങ്ങള്‍ കിട്ടി. സാജി പിന്നീട് അഞ്ചു ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. ദിലീപിന്റെ ജോഷിച്ചിത്രം ലയണി്‌ന് ശേഷം സാജി അഭിനയം മതിയാക്കി ഗള്‍ഫിലേക്ക് പോയി. കോവിഡ് സമ്മാനിച്ച ഇടവേളയ്ക്ക് സാജി തിരികെ നാട്ടില്‍ വന്നപ്പോഴാണ് കാത്തിരുന്നതു പോലെ രഞ്ജന്‍ പ്രമോദിന്റെ വിളിയെത്തിയത്. ഒപ്പം ദിലീഷ് പോത്തനുമുണ്ടെന്ന് അറിഞ്ഞതോടെ സാജി പിന്നൊന്നും നോക്കിയില്ല. ഓ ബേബിയുടെ റിലീസിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാജി. ഇനി സിനിമയില്‍ നിലയുറപ്പിക്കാന്‍ തന്നെയാണ് ഈ താരപുത്രന്റെ തീരുമാനം.

സിനിമയിലെത്തിയത് അച്ഛന്റെ മരണശേഷം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ പോലും അഭിനയിക്കാത്തയാളാണ് ഞാന്‍. വെറുതേ പോലും സ്‌റ്റേജില്‍ കയറിയിട്ടില്ല. കലയുമായുള്ള ഏക ബന്ധം ഡാഡിയായിരുന്നു.സിനിമാ സെറ്റുകളില്‍ ധാരാളം പോയിട്ടുണ്ട്. ഡാഡിയുടെ അഭിനയം കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ അക്കാലത്തെ സൂപ്പര്‍ സ്റ്റാറുകള്‍ വീട്ടില്‍ നിത്യസന്ദര്‍ശകരുമായിരുന്നു. അച്ഛന്റെ മരണശേഷം എ.കെ. സാജനും എ.കെ. സന്തോഷുമാണ് സ്‌റ്റോപ്പ് വയലന്‍സിന്റെ കഥയുമായി സമീപിക്കുന്നത്. എനിക്ക് മടിയായിരുന്നു. മലയാള സിനിമ എണ്‍പതുകളില്‍ അടക്കി ഭരിച്ച രണ്ടു നടന്മാരുടെ മക്കളെ നായകന്മാരാക്കി അങ്ങാടിയോ കോളിളക്കമോ പോലൊരു സിനിമയായിരുന്നു അവരുടെ മനസില്‍. എനിക്കാദ്യം മടിയായിരുന്നു. അമ്മയാണ് പ്രോത്സാഹനം തന്നത്. അങ്ങനെയാണ് സ്‌റ്റോപ്പ് വയലന്‍സില്‍ എത്തുന്നത്. 2002 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ ശശിമോഹന്റെ തിലകം, 2004 ല്‍ സി. ദേവദാസിന്റെ പ്രിയം പ്രിയങ്കരം, 2005 ല്‍ എം. മോഹനന്റെ കാമ്പസ്, 2006 ല്‍ ജോഷിയുടെ ലയണ്‍, 2007 ല്‍ ഭരതന്‍ എഫട്ക് എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങി. അവസാനം അഭിനയിച്ചത് ലയണിലാണ്. ഭരതന്‍ എഫക്ടില്‍ എന്റെ മകന്‍ ശേഖര്‍ സോമനും അഭിനയിച്ചു. ഡാഡിയുടെ പേരാണ് അവനിട്ടിരിക്കുന്നത്. സോമശേഖരന്‍ എന്നാണ് ഡാഡിയുടെ പേര്. അത് തിരിച്ച് ശേഖര്‍ സോമന്‍ എന്നാക്കി.

വിദേശവാസത്തില്‍ സിനിമ മറന്നു

ലയണിന് ശേഷം ഗള്‍ഫിലേക്ക് പോയി. എണ്ണക്കമ്പനിയിലായിരുന്നു ജോലി. ഇടയ്ക്ക് നാട്ടിലൊക്കെ വന്നു പോയി. എങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. നീണ്ട ഗ്യാപ്പ് കാരണം പലരും മറന്നു. കോവിഡ് കാലത്ത് നാട്ടില്‍ വന്നതിന് ശേഷം ഗള്‍ഫിലേക്ക് മടങ്ങുന്നത് വൈകി. ആ സമയത്താണ് രഞ്ജന്‍ പ്രമോദിന്റെ ഓഫര്‍ വരുന്നത്. ഓ ബേബി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ കഥയാണ്. കുമളി, അണക്കര ഭാഗങ്ങളിലായിരുന്നു ഷൂട്ടിങ്. നെഗറ്റീവ് ടച്ചുളള കഥാപാത്രമാണ് എന്റേത്. ദിലീഷ് പോത്തനാണ് നായകന്‍. 15 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുമ്പോഴും സിനിമയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടുള്ളതായി തോന്നുന്നില്ല. സ്‌പോട്ട് ഡബിങ് ആണ് സിനിമയ്ക്ക്. ഏറെ പ്രതീക്ഷ ഈ സിനിമയിലുണ്ട്. രഞ്ജന്‍ പ്രമോദ് എന്ന എഴുത്തുകാരനെയും സംവിധായകനെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ആദ്യം സ്‌ക്രിപ്റ്റ് റൈറ്ററായും പിന്നീട് സംവിധായകനായും മികവ് തെളിയിച്ചയാളാണല്ലോ? അതു കൊണ്ട് തന്നെ മറ്റൊന്നും നോക്കിയില്ല. കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ കൂടുതല്‍ ഓഫറുകള്‍ എത്തുന്നു. ഇനി സിനിമയില്‍ ചുവടുറപ്പിക്കാനാണ് തീരുമാനം.

കാരക്ടര്‍ പോസ്റ്ററും കമല്‍ഹാസനും

കഴിഞ്ഞ ദിവസമാണ് ഓ ബേബിയുടെ കാരക്ടര്‍ പോസ്റ്റര്‍ ഇറങ്ങിയത്. അത് ഞാന്‍ കമല്‍ അങ്കിളിന് (കമല്‍ ഹാസന്‍) അയച്ചു കൊടുത്തു. തിരക്ക് പിടിച്ച മഹാനടനാണ് അദ്ദേഹം. നോക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. ബെസ്റ്റ് വിഷസ് മോനേ എന്ന് മറുപടി അയച്ചു. വോയിസ് മെസേജും പിന്നാലെ വന്നു. വലിയ സന്തോഷമായി എനിക്ക്. അങ്കിളിന്റെ വാക്കുകള്‍ ഒരു പ്രചോദനമാണ്. ഡാഡിയുടെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു കമല്‍ അങ്കിള്‍. ആ ബന്ധം ഡാഡിയുടെ മരണശേഷവും തുടരുന്നു. ഒരു പാട് നാളിന് ശേഷം അടുത്തയിടെ കമല്‍ അങ്കിളിനെ നേരില്‍ വിളിക്കേണ്ട ഒരു സംഭവം ഉണ്ടായി. ഡാഡിയുടെ 25-ാം ചരമവാര്‍ഷികം വലിയൊരു അനുസ്മരണ യോഗമാക്കി മാറ്റാന്‍ സംവിധായകന്‍ ബ്ലസി അടക്കമുള്ളവര്‍ തീരുമാനിച്ചു. തിരുവല്ല വൈ.എം.സി.എയില്‍ കൂടിയ യോഗത്തില്‍ മുഖ്യാതിഥിയായി കമല്‍ ഹാസന്‍ വേണമെന്ന് അഭിപ്രായം ഉയര്‍ന്നു. ആരു ക്ഷണിക്കും
എന്നതായിരുന്നു പ്രശ്‌നം. ഒടുവില്‍ സംഘാടകര്‍ വീട്ടില്‍ വന്നു. അവരുടെ നിര്‍ബന്ധം മുലം കമല്‍ഹാസന്റെ ഓഫീസിലേക്ക് വിളിച്ചു. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ഞാന്‍ ഓഫീസില്‍ പറഞ്ഞു. തിരുവല്ലയില്‍ നിന്ന് എം.ജി സോമന്റെ മകന്‍ സാജി വിളിച്ചിരുന്നു എന്ന് അദ്ദേഹത്തെ ഒന്ന് അറിയിക്കണം പറഞ്ഞു.
രാത്രി 10 മണിയായിക്കാണും എന്റെ ഫോണിലേക്ക് സാക്ഷാല്‍ കമല്‍ഹാസന്‍ വിളിക്കുന്നു. എന്താണ് മോനേ കാര്യമെന്ന് ചോദിച്ചു. ഞാന്‍ വിവരം പറഞ്ഞു. മോനേ ഞാന്‍ ഈ പറഞ്ഞ് ദിവസങ്ങള്‍ എല്ലാം തിരക്കിലാണല്ലോ?
അങ്കിളിന് പറ്റുന്ന ദിവസം പറ. പരിപാടി അന്നാക്കാം. അത് അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം പറഞ്ഞ തീയതിയില്‍ പരിപാടി വച്ചു. കൃത്യമായി വന്നു ചേര്‍ന്നു.

ഒറ്റ നോട്ടത്തില്‍ അച്ഛന്റെ പ്രതിബിംബം

എവിടേക്ക് തിരിഞ്ഞാലും സാജിയെ ആള്‍ക്കാര്‍ തിരിച്ചറിയും. നടപ്പിലും എടുപ്പിലുമെല്ലാം സാക്ഷാല്‍ എം.ജി സോമന്‍. ആനക്കാട്ടില്‍ ഈപ്പച്ചനും ഇതാ ഇവിടെ വരെയിലെ വിശ്വനാഥനുമൊക്കെ അവതരിപ്പിച്ച അതുല്യ നടന്റെ പ്രതിബിംബം തന്നെയാണ് ഈ മകന്‍. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് താനിഷ്ടപ്പെടുന്നതെന്ന് സാജി സോമന്‍ പറയുന്നു. ഓ ബേബിയുടെ കാരക്ടര്‍ പോസ്റ്ററിലും അത്തരമൊരു കലിപ്പ് ലുക്ക് തന്നെയാണ് സാജിക്ക്. ആദ്യ ചിത്രമാണ് സ്‌റ്റോപ്പ് വയലന്‍സിലും ഇത്തരമൊരു വേഷമായിരുന്നു സാജിക്ക് കിട്ടിയത്. പിന്നീട് വന്ന ചിത്രങ്ങളില്‍ തിലകത്തില്‍ നായക വേഷം ചെയ്തു. ലയണിലും രോഷാകുലനായ ചെറുപ്പക്കാരനായിരുന്നു.

കെ.എല്‍. 7 ജി 7 നും അച്ഛനും

28 വര്‍ഷം പഴക്കമുള്ള ഒരു മാരുതി 800 കാര്‍ വീടിന്റെ പോര്‍ച്ചിലുണ്ട്. കെ.എല്‍. 7 ജി 7. പുതുപുത്തന്‍ പോലെ തൂത്തു തുടച്ച് സംരക്ഷിച്ചിരിക്കുന്നു. എം.ജി. സോമന്‍ അവസാനമായി ഉപയോഗിച്ചിരുന്ന കാറാണിത്. അതു കൊണ്ടു തന്നെ വില്‍ക്കാനോ പൊളിച്ചു കളയാനോ തോന്നാതെ സംരക്ഷിക്കുകയാണ് സാജി. മകന്‍ ശേഖര്‍ സോമനാണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഡാഡിയുടെ മരണശേഷമായിരുന്നു എന്റെ വിവാഹം. അതു കൊണ്ട് തന്നെ ഡാഡിയെ സ്‌ക്രീനില്‍ കണ്ടുള്ള പരിചയം മാത്രമേ അവര്‍ക്കുള്ളൂ. 1997 ഡിസംബര്‍ 12 നാണ് ഡാഡി മരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ 25 വര്‍ഷം തികഞ്ഞു. എം.ജി സോമന്‍ ഫൗണ്ടേഷനാണ് അന്ന് അനുസ്മരണം സംഘടിപ്പിച്ചത്. അതിലാണ് കമല്‍ ഹാസന്‍ പങ്കെടുത്തത്. ഡയറക്ടര്‍ ബ്ലസിയാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍. ഡാഡിയുടെ വേര്‍പാടിന് 25 വര്‍ഷം തികയുമ്പോഴാണ് സിനിമയില്‍ രണ്ടാം വരവിനൊരുങ്ങുന്നത്-സാജി സോമന്‍ പറഞ്ഞു നിര്‍ത്തി.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …