
റാന്നി: താലൂക്കില്‍ വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നുകള്‍ ഇടിച്ചു നിരപ്പാക്കി മണ്ണ് കടത്തുന്ന സംഘം സജീവം. ഇവര്‍ക്ക് ഒത്താശ ചെയ്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടി രംഗത്തു വന്നതോടെ കുന്നുകള്‍ ഓരോന്നായി സമതലങ്ങളായി മാറിയിരിക്കുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലുട നീളം പ്ലാച്ചേരി മുതല്‍ മണ്ണാറക്കുളഞ്ഞി വരെ അനധികൃത നിര്‍മ്മാണങ്ങളും നടക്കുന്നു.
ബന്ധപ്പെട്ട വകുപ്പുകളുടെ മൂക്കിന് തുമ്പില്‍ നടക്കുന്ന പകല്‍ക്കൊള്ള കണ്ടില്ലന്നു നടിക്കുകയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. അത്യാധുനിക യത്രങ്ങള്‍ ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇക്കൂട്ടര്‍ മണ്ണുകടത്തുന്നത്. മണ്ണെടുക്കുന്നതിന് പിന്നാലെ കല്ലു കൂടി ഉണ്ടെങ്കില്‍ ലോഡ് ഒന്നിന് ചോദിക്കുന്ന വിലയില്‍ ഏത് സ്ഥലത്തും എത്തിക്കും. മണ്ണെടുപ്പിന് അന്തിമ അനുവാദം നല്‍കുന്നത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണെങ്കിലും വില്ലേജില്‍ നിന്നുമാണ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തേണ്ടത്. ഇവിടെ നിന്നുമെല്ലാം നിഷ്പ്രയാസം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പ്രത്യേക ലോബികള്‍ ഉണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെ തന്നെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് എന്നും പറയപ്പെടുന്നു.
ഇക്കൂട്ടരുടെ സഹായത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരില്‍ പലര്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടെകിലും പേടിച്ചു ആരും പുറത്തുപറയുവാനോ പരാതിപ്പെടുവാനോ തയാറാകുന്നില്ല. പഴവങ്ങാടി വില്ലേജിന്റെ പരിധിയില്‍ ചെത്തോങ്കര മുതല്‍ മന്ദമരുതി വരെ ചെറുതും വലുതുമായ നിരവധി നിര്‍മ്മാണപ്രവൃത്തികള്‍ കാണാം. ഉന്നതരുടെ ഇടപെടലോടെ തണ്ണീര്‍ത്തടങ്ങള്‍ പോലും മണ്ണിട്ട് നിരത്തി നിര്‍മാണം പൊടിപൊടിക്കുന്നുവെന്നാണ് ആരോപണം.