
അടൂര്‍: കട മുറിക്ക് വാടക കൂട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടം ഉടമ വാടകക്കാരിയെ എയര്‍ഗണ്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് പരാതി. തലയ്ക്ക് പരുക്കേറ്റ വീട്ടമ്മ ചികില്‍സ തേടി. തെങ്ങമം ജങ്ഷനില്‍ ആഷാ ബോട്ടിക് ആന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്, ആഷാ ടെക്സ്റ്റൈല്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന പള്ളിക്കല്‍ ആനയടി ചെറുകുന്നം ഗൗരി ശങ്കരത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ആശാ നായര്‍(41)ക്ക് നേരെയാണ് കെട്ടിടം ഉടമ രവി (68) ആക്രമണം നടത്തിയതായി പരാതിയുളളത്.
ബുധനാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ആശയും അനില്‍കുമാറും ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഫഌക്സ് ബോര്‍ഡ് വയ്ക്കുന്നതുമായി കെട്ടിടം ഉടമ രവിയുമായി തര്‍ക്കമുണ്ടായി. ഇതിനിടെ അനിലിനെ രവി അസഭ്യം പറഞ്ഞുവെന്നും അത് ചോദിക്കാന്‍ ചെന്ന തന്നെ ആക്രമിക്കുകയും ചെയ്തുവെന്നാണ് ആശയുടെ പരാതി. തോക്ക് ഉപയോഗിച്ച് കൈക്കും തലയ്ക്കും ഇടിച്ചു. പരുക്കേറ്റ ആശയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തലയില്‍ ഏഴു തുന്നല്‍ ഇടേണ്ടി വന്നു.
കെട്ടിടത്തിന് വാടക കൂട്ടി വേണമെന്ന് ആവശ്യപ്പെട്ട് രവി മുന്‍പും ഇവരുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു. ഇതിന്റെ പേരില്‍ ആശ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തര്‍ക്കം നിലവില്‍ ഇരിക്കേയാണ് ഇപ്പോള്‍ അക്രമം ഉണ്ടായിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങി. ആശയുടെ മൊഴി രേഖപ്പെടുത്തി.