പത്തനംതിട്ട: പതിനേഴുകാരിയെ തട്ടിക്കൊണ്ട് ബംഗളൂരുവിന് കടക്കുകയും അവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. പിടിക്കപ്പെടാതിരിക്കാന്‍ പുതിയ ഫോണും സിമ്മുമൊക്കെ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇലവുംതിട്ട പൊലീസിന്റെ അന്വേഷണ മികവില്‍ യുവാവ് കുടുങ്ങുകയായിരുന്നു.
മെഴുവേലി ഉള്ളന്നൂര്‍ മുട്ടയത്തില്‍ തെക്കേതില്‍ വീട്ടില്‍ പ്രമോദ് (24) ആണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇയാള്‍ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാണാഞ്ഞതിന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്നുതന്നെ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന വിവരം ലഭിച്ച പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെ ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ ലഭിച്ചു.യുവാവ് പെണ്‍കുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോണ്‍ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബാംഗളുരുവിലുണ്ടെന്ന് വ്യക്തമായത്.
ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് ആര്‍. പ്രദീപ് കുമാറിന്റെ നിര്‍ദേശപ്രകാരം, അന്വേഷണസംഘം അവിടെയെത്തി മജസ്റ്റിക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേനോട്ടത്തിലായിരുന്നു അന്വേഷണം. ചൊവ്വാഴ്ച്ച പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയശേഷം നിരവധി സ്ഥലങ്ങളില്‍ കറങ്ങി നടന്നെന്നും, വെള്ളിയാഴ്ച ബാംഗളുരുവിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ കെ എന്‍ അനില്‍, എസ് സി പി ഓമാരായ സന്തോഷ് കുമാര്‍, രാജേഷ്, സി പി ഓമാരായ അനൂപ്, പ്രശോബ്, ശരത്, അനിത എന്നിവരാണുള്ളത്.