തേനി: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ 410 പേർ അറസ്റ്റിലായി.
വില്ലുപുരം ജില്ലയിൽ മരക്കാനത്തിന് സമീപം മരിച്ചവരുടെ എണ്ണം 11 ആയി. ചെങ്കൽപട്ട് ജില്ലയിലും വ്യാജമദ്യം മൂലമുള്ള മരണമുണ്ടായിട്ടുണ്ട്.കൂടുതൽ പേർ ചികിത്സയിലാണ്. ഫാക്ടറികളിലും ആശുപത്രികളിലും ലബോറട്ടറികളിലും മെഥനോൾ ഉപയോഗിച്ച് മദ്യത്തിൽ മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാൻ എസ്പിമാർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
അതേ സമയം ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളിൽ വനം വകുപ്പിന്റെ സഹായത്തോടെ പരിശോധന നടത്തിവരുന്നതായി തേനി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോങ്കരെ പ്രവീൺ ഉമേഷ് പറഞ്ഞു.കമ്പംമെട്ട്,മന്തിപ്പാറ,മണിയൻപ്പെട്ടി അടിവാരങ്ങളിൽ നേരത്തെ വൻതോതിൽ ചാരായം വാറ്റി വില്പന നടത്തുന്ന സംഘങ്ങൾ സജീവമായിരുന്നു. ഈ പ്രദേശങ്ങൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.