പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ ഒമ്പതംഗസംഘം അതിക്രമിച്ച് കയറി പൂജ ചെയ്തത് മേയ് എട്ടിന്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പിടിയിലായ വനം വികസന കോര്പ്പറേഷന് ജീവനക്കാരാണ് ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്. വനംവികസന കോര്‍പ്പറേഷനിലെ സൂപ്പര്‍ വൈസര്‍ രാജേന്ദ്രന്, തൊഴിലാളി സാബു എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റാന്നി മജിസ്ട്രേറ്റ് അവധി ആയതിനാല്‍ പത്തനംതിട്ട കോടതിയിലാകും പ്രതികളെ ഹാജരാക്കുക.
അതിനിടെ പ്രതികള്‍ക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച രാത്രി ഇമെയില്‍ മുഖാന്തിരം ലഭിച്ച പരാതി പ്രകാരമാണ് കേസെടുത്തത്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ കടന്നു കയറി ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്തുകയും അയ്യപ്പഭക്തരെ അവഹോളിക്കുകയും ചെയ്തുവെന്നും ആചാര വിരുദ്ധമായി പൂജ നടത്തിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. 295, 295 എ, 447,34 എന്നീ വകുപ്പുകളിട്ടാണ് എഫ്ഐആര്‍. പ്രതികളെ കുറിച്ച് സൂചനയില്ല.
ഒമ്പത് പ്രതികളില്‍ അഞ്ചു പേര് തമിഴ്നാട് സ്വദേശികളാണ്. പുജ നടത്തിയ കീഴ്ശാന്തി നാരായണ സ്വാമി തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ക്ക് പുറമേ കുമളി സ്വദേശിയും ഇപ്പോള്‍ അറസ്റ്റിലായ രണ്ടു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. വള്ളക്കടവ് വരെ ജീപ്പില്‍ വന്നു. തുടര്‍ന്ന് കുമളി-ഗവി-പത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച് മണിയാട്ടി പാലത്തിന് സമീപം ഇറങ്ങി ഇവിടെ നിന്ന് വനത്തിലൂടെ പൊന്നമ്പലമേട്ടില്‍ എത്തുകയായിരുന്നു. വഴി കാട്ടിയായി പ്രവര്‍ത്തിച്ചവരാണ് രാജേന്ദ്രനും സാബുവും. ഇവര്‍ക്ക് പണവും പാരിതോഷികവും ലഭിച്ചു.