റഗുലര്‍ സര്‍വകലാശാലകളില്‍ പ്രൈവറ്റ് / വിദൂര കോഴ്‌സുകള്‍ നടത്തില്ലെന്ന് സര്‍ക്കാരിന്റെ പിടിവാശി: ഒരുലക്ഷത്തോളം പാരലല്‍ വിദ്യാര്‍ഥികളെ ഇഗ്‌നോയില്‍ ചേര്‍ക്കുമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍

0 second read
Comments Off on റഗുലര്‍ സര്‍വകലാശാലകളില്‍ പ്രൈവറ്റ് / വിദൂര കോഴ്‌സുകള്‍ നടത്തില്ലെന്ന് സര്‍ക്കാരിന്റെ പിടിവാശി: ഒരുലക്ഷത്തോളം പാരലല്‍ വിദ്യാര്‍ഥികളെ ഇഗ്‌നോയില്‍ ചേര്‍ക്കുമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍
1

പത്തനംതിട്ട: കേരളാ, കാലിക്കറ്റ്, എംജി, കണ്ണൂര്‍ എന്നീ സര്‍വകലാശാലകളില്‍ നടത്തി വന്ന പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നിരോധിച്ച സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് പാരലല്‍ വിദ്യാര്‍ത്ഥികളെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യില്‍ ചേര്‍ക്കാന്‍ പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം.

ബിരുദ/ബിരുദാനന്തര ബിരുദ തലത്തില്‍ അടുത്ത മാസം തുടങ്ങുന്ന അക്കാദമിക വര്‍ഷത്തില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ എങ്കിലും പാരലല്‍ വിദ്യാഭ്യാസ മേഖലയില്‍ എത്തിക്കും. ഇവരെയാണ് ഇഗ്‌നോയില്‍ ചേര്‍ക്കുന്നത്. സമയബന്ധിതമായി പരീക്ഷകളും ഫലപ്രഖ്യാപനവും നടത്തുകയും താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കുകയും ചെയ്യുന്നതിനാലാണ് ഇഗ്‌നോ തെരഞ്ഞെടുത്തത്. 2019 ല്‍ രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ നിയമത്തിലെ 72, 47 (2) വകുപ്പുകളിലൂടെയാണ് വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും പ്രൈവറ്റ് രജിസ്‌ട്രേഷനും മറ്റു റെഗുലര്‍ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിരോധിച്ചത്.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ബി കോം, ബി.ബി.എ, എം കോം, എം.ബി.എ എന്നിങ്ങനെ ഡിമാന്‍ഡ് ഉള്ള പല കോഴ്‌സുകളുടെയും അംഗീകാരം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നു.

ഫീസ് മറ്റ് കേന്ദ്ര സര്‍വകലാശാലകളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലുമാണ്. ഇവിടെ ബി.എ കോഴ്‌സിനു പരീക്ഷാഫീസ് കൂടാതെ ആകെ 17630 രൂപയാണ്. ഇഗ്‌നോവില്‍ ബി.എക്കും ബി.കോമിനും 12900 മാത്രമാണ്ഫീസ്. എല്ലാ ജില്ലകളിലും ഇഗ്‌നോക്ക് പരീക്ഷാ സെന്റര്‍ ഉണ്ട്. മറ്റൊരു കേന്ദ്ര സര്‍വകലാശാല ആയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ഇതിലും കുറവാണ് ഫീസ്. അവിടെ എല്ലാ ബിരുദ കോഴ്‌സുകള്‍ക്കും 9975 രൂപയും പി.ജിക്ക് 11425 രൂപയും ആണ് ഫീസ്.
എം.ബി.എക്ക് ഇവരുടെ ഫീസ് 24,925 രൂപ മാത്രം. എങ്കിലും കേരളത്തില്‍ എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരീക്ഷാ സെന്റര്‍ ഉള്ളൂ എന്നത് ഒരു തടസമായി നില്‍ക്കുന്നു. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ പ്രഭാകരന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ആയി കൂടിയ സംസ്ഥാന തല യോഗത്തിലാണ് ഇഗ്‌നോയില്‍ കുട്ടികളെ ചേര്‍ക്കാനുള്ള പുതിയ തീരുമാനം.

അസോസിയേഷന്‍ പ്രസിഡന്റായി എ. പ്രഭാകരന്‍ (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി കെ.ആര്‍ അശോക്കുമാര്‍ (പത്തനംതിട്ട), ശശി കുത്തന്നൂര്‍ പാലക്കാട് (ട്രഷറര്‍) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …