പത്തനംതിട്ട: കൊടുംവേനലില്‍ പലയിടത്തും മെലിഞ്ഞൊഴുകുകയാണ് അച്ചന്‍കോവിലാര്‍. പക്ഷേ, മരണം പതിയിരിക്കുന്ന കയങ്ങള്‍ ഒരു പാടുണ്ട് ഈ നദിയില്‍. അത്തരമൊരു കയത്തില്‍ വീണ പന്ത്രണ്ടുകാരനെയും അവനെ രക്ഷിക്കാന്‍ ചാടി ഒഴുക്കില്‍പ്പെട്ട പിതാവിനെയും തിരികെ ജീവിതത്തിലേക്ക് മടക്കിയിരിക്കുകയാണ് ഒരു ജവാനും കൂട്ടുകാരും ചേര്‍ന്ന്.
മുള്ളനിക്കാട് മഠത്തിലേത്ത് ഷിബു(45), മകന്‍ നിതിന്‍ എന്നിവരുടെ ജീവനാണ് വള്ളിക്കോട് മായാലി കോതപുരത്തേത്ത് അജിത് ആര്‍. നായര്‍ (27) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. അച്ചന്‍കോവിലാറിന്റെ മുള്ളനിക്കാട് അരീക്കത്തറ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഷിബുവും മക്കളായ നേഹയും നിതിനും. വിശാലമാല മണല്‍പ്പരപ്പിന്റെ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. പക്ഷേ, ഇവിടെ മരണമൊളിപ്പിച്ച കയമുണ്ടെന്ന കാര്യം ഇവര്‍ അറിഞ്ഞില്ല. നിതിന്‍ കയത്തില്‍പ്പെട്ടതു കണ്ട് ഷിബുവും ഒപ്പം ചാടി. ഈ സമയം ആറിന്റെ മറുകരയില്‍ തൃക്കോവില്‍ ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലിരിക്കുകയായിരുന്നു അജിത്തും സുഹൃത്തുക്കളും. പെട്ടെന്നാണ് മറുകരയില്‍ നിന്ന് നേഹയുടെ നിലവിളി കേട്ടത്. ഓടിച്ചെന്നു നോക്കുമ്പോള്‍ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ട് കയത്തില്‍ താഴുന്നതാണ് കണ്ടത്.
പിന്നെ ഒന്നും നോക്കിയില്ല. മാവേലി കടവില്‍ നിന്ന് അജിത്ത് മറുകര ലക്ഷ്യമാക്കി നീന്തി. കയത്തില്‍ നിന്ന് ആദ്യം നിതിനെ രക്ഷിച്ച് അരീക്കത്തറ കടവിലെത്തിച്ചു. പിന്നെ നോക്കുമ്പോള്‍ ഷിബും ഒഴുക്കിപ്പെട്ടതാണ് കണ്ടത്. അപ്പോഴേക്കും സുഹൃത്ത് ആകാശുമെത്തി. അജിത്തും ആകാശും ചേര്‍ന്ന ഷിബുവിനെ മറുകരയില്‍ മാവേലിക്കരയില്‍ അടുപ്പിച്ചു. ബൈജു, അഖില്‍, രജിത്ത് എന്നീ കൂട്ടുകാര്‍ കൂടി ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി. അപ്പോഴേക്കും വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സുമെത്തി. വഴി കണ്ടു പിടിക്കാന്‍ ഫയര്‍ഫോഴ്‌സ് ബുദ്ധിമുട്ടിയിരുന്നു.
രാജസ്ഥാനിലെ കരസേന എന്‍ജിനീയറിങ്ങി വിഭാഗത്തിലാണ് അജിത്തിന് ജോലി. ലേയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ 25 ദിവസം മുന്‍പ് അവധി കിട്ടി നാട്ടിലേക്ക് പോന്നു. ബുധനാഴ്ച ലേയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്.