വടശേരിക്കര(പത്തനംതിട്ട): കാടല്ലേ, മാലിന്യം കൊണ്ട് തള്ളിയേക്കാം എന്ന് വിചാരിക്കുന്നവര്‍ക്ക് താക്കീതുമായി വനപാലകര്‍. വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ച് മുങ്ങിയ യുവാവിനെ അന്വേഷിച്ച് കണ്ടു പിടിച്ച് അറസ്റ്റ് ചെയ്തു. വാഹനം പിടിച്ചെടുത്തു.
ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ധാരാലയം വീട്ടില്‍ പ്രശാന്ത് ഡി പി(32)നെയാണ് വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ വി രതീഷ്‌കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനപാലകര്‍ അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെ എല്‍ 26 എഫ് 5357 നമ്പര്‍ പിക്അപ് വാനും പിടിച്ചെടുത്തു. എട്ടു വലിയ ചാക്കുകളില്‍ വടശേരിക്കരയില്‍ സുബി എന്നയാളുടെ അപ്പോള്‍സ്റ്ററി കടയില്‍ മാലിന്യം ആണ് വനമേഖലയില്‍ തള്ളിയത്.
ഞായറാഴ്ചയാണ് മാലിന്യം മണിയാര്‍-അഞ്ച്മുക്ക് റോഡില്‍ കൊടുമുടി ഫോറസ്റ്റ് ക്യാംപ് ഷെഡിന് സമീപം തള്ളിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വാഹനം ചിറ്റാറില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. മാലിന്യം ചിറ്റാറില്‍ എത്തിക്കുമെന്ന് പറഞ്ഞ് 1500 രൂപ വണ്ടി വാടക വാങ്ങിയിരുന്നതായും ഇയാള്‍ മൊഴിനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
സ്‌റ്റേഷന്‍ ഫോറസറ്റ് ഓഫിസര്‍മാരായ ഷാജി വര്‍ഗീസ്, സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി പി സൗമ്യ, വാച്ചര്‍ രാമചന്ദ്രന്‍ എന്നിവര്‍ വനപാലക സംഘത്തിലുണ്ടായിരുന്നു. വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം അടക്കം നീക്ഷേപിക്കുന്നത് വന്യമൃഗങ്ങളുടെ ജീവന് ഭീക്ഷണിയാവുന്നതായും, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ വി രതീഷ്‌കുമാര്‍ പറഞ്ഞു.