ന്യൂഡെല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് കേന്ദ്ര സര്‍ക്കാരിന് അനുവദിക്കാനാകില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി വിലയിരുത്തണമെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്ബത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 32440 കോടി രൂപ പരിധി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നേരത്തേ നിശ്ചയിച്ച് നല്‍കിയിരുന്നു. എന്നാല്‍ വായ്പ എടുക്കാന്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാല്‍ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയില്‍ ഉണ്ടായിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.