സിപിഎം നേതാക്കളുടെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ല: തൊഴിലുറപ്പ് ജോയിന്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ മുറിയില്‍ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ച് കടമ്പനാട് പഞ്ചായത്ത് അംഗങ്ങള്‍: പരാതി നല്‍കാന്‍ മടിച്ച് ഉദ്യോഗസ്ഥന്‍: പ്രതിഷേധവുമായി കോണ്‍ഗ്രസ്

2 second read
Comments Off on സിപിഎം നേതാക്കളുടെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ല: തൊഴിലുറപ്പ് ജോയിന്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ മുറിയില്‍ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ച് കടമ്പനാട് പഞ്ചായത്ത് അംഗങ്ങള്‍: പരാതി നല്‍കാന്‍ മടിച്ച് ഉദ്യോഗസ്ഥന്‍: പ്രതിഷേധവുമായി കോണ്‍ഗ്രസ്
0

അടൂര്‍: സിപിഎം നേതാക്കളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് ജോയിന്റ് പ്രൊജക്ട് കോഓര്‍ഡിനേറ്ററെ സിപിഎമ്മിന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ പൂട്ടിയിട്ട് ചെരുപ്പൂരി തല്ലി. ഭയന്നു പോയ ഉദ്യോഗസ്ഥന്‍ പരാതി കൊടുക്കാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ തങ്ങളെ മര്‍ദിച്ചുവെന്ന് കാട്ടി വനിതകള്‍ അടക്കം പഞ്ചായത്തംഗങ്ങള്‍ ചികില്‍സ തേടുകയും പരാതി നല്‍കുകയും ചെയ്തു.

കടമ്പനാട് പഞ്ചായത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. തൊഴിലുറപ്പ് ശജപിസി മലപ്പുറം വള്ളിക്കുന്ന് സ്വദേശി അജിഷിനാണ് മര്‍ദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ്് പ്രിയങ്കാ പ്രതാപിന്റെ നേതൃത്വത്തില്‍ പ്രസിഡന്റിന്റെ ചേംബറിലേക്ക് വിളിച്ചു വരുത്തി ബന്ദിയാക്കിയ ശേഷം ഒരു വനിത ചെരുപ്പൂരി അടിക്കുകയായിരുന്നുവെന്ന് പറയുന്നു. അടിയേറ്റ് തന്റെ കണ്ണട ഊരിത്തെറിച്ചു പോയെന്ന് അജീഷ് പറഞ്ഞു. തികച്ചും ആസൂത്രിതമായിട്ടായിരുന്നു ആക്രമണം. ഇതിനായി പഞ്ചായത്തിലെ സിസിടിവി ഓഫ് ചെയ്തിരുന്നു.

പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് പരാതിയില്‍ അന്വേഷണം നടത്തുന്നതിന് വേണ്ടി ചെന്നതായിരുന്നു അജീഷ്. ഇദ്ദേഹം വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. പഞ്ചായത്ത് നടത്തിയ ശുചീകരണത്തില്‍ പങ്കെടുക്കാതിരുന്ന 15 പേരെ 12-ാം വാര്‍ഡിലെ തൊഴിലുറപ്പ് മസ്റ്റര്‍ റോളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തിരുന്നുവെന്ന് പറയുന്നു. ഇങ്ങനെ ഒഴിവാക്കപ്പെട്ട തൊഴിലാളികള്‍ ചേര്‍ന്ന് പഞ്ചായത്തിന് മുന്നില്‍ സമരം നടത്തുകയും തൊഴിലുറപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ശുചീകരണ ദിനാചരണത്തില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെ അടുത്ത ജോലിക്കായുള്ള മസ്റ്റര്‍ റോളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നത് പഞ്ചായത്ത് കമ്മറ്റി തീരുമാനമായിരുന്നുവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കമ്മറ്റി തീരുമാന പ്രകാരം 12-ാം വാര്‍ഡിലെ 15 തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍ നിന്ന് നീക്കി. 12-ാം വാര്‍ഡായ പാണ്ടിമലപ്പുറത്ത് 14 ദിവസം നടക്കുന്ന തൊഴില്‍ ദിനങ്ങളില്‍ ഉള്‍പ്പെടേണ്ടവരുടെ പേരാണ് മസ്റ്റര്‍ റോളില്‍ നിന്ന് ഒഴിവാക്കിയത്.

തൊഴില്‍ ചെയ്യാനാകാതെ മടങ്ങിയ തൊഴിലാളികള്‍ പരാതിയുമായി പഞ്ചായത്തില്‍ ചെന്നെങ്കിലും ഫലമുണ്ടായില്ല. അടുത്ത ജോലിക്ക് എസ്റ്റിമേറ്റ് തയാറാക്കട്ടെ എന്നായിരുന്നു മറുപടി. ഇനി ഇവര്‍ക്ക് തൊഴില്‍ ദിനം കിട്ടണമെങ്കില്‍ മൂന്നു മാസമെങ്കിലും വേണ്ടി വരും. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. കാന്‍സര്‍ രോഗികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ കിട്ടാതെ വന്നതോടെ ജെപിസി ആയിട്ടുള്ള അജീഷ് കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ വന്ന് അവരെ മസ്റ്റര്‍ റോളില്‍ ഉള്‍ക്കൊള്ളിക്കാന്‍ നിര്‍ദേശം നല്‍കി.

ഇതോടെ സിപിഎമ്മിന്റെ ജില്ലാ ഏരിയാ നേതാക്കള്‍ ഇദ്ദേഹത്തെ വിളിച്ച് പാര്‍ട്ടി പറയുന്നതു പോലെ ചെയ്യണമെന്ന് നിര്‍ദേശിച്ചുവത്രേ. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തനിക്ക് തൊഴിലാളികളുടെ ഭാഗത്തെ ന്യായം നോക്കിയേ കഴിയൂവെന്ന് ഇദ്ദേഹം പ്രതികരിച്ചു. മാത്രവുമല്ല 15 തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ച് പുതിയ മസ്റ്റര്‍ റോള്‍ നല്‍കി. ബുധനാഴ്ച ഇവര്‍ക്ക് തൊഴില്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍, പുതിയ മസ്റ്റര്‍ റോള്‍ കിട്ടിയില്ലെന്ന് പറഞ്ഞ് തൊഴില്‍ മുടക്കി. വിവരം തൊഴിലാളികള്‍ അറിയിച്ചതിന്‍ പ്രകാരം അജീഷ് പഞ്ചായത്തില്‍ തിരക്കിയപ്പോള്‍ മസ്റ്റര്‍ റോള്‍ കിട്ടിയില്ലെന്നും അതുമായി വരാനും അറിയിച്ചു. അതിന്‍ പ്രകാരം വ്യാഴാഴ്ച ഉച്ചയ്്ക്ക് ഓഫീസില്‍ എത്തിയപ്പോഴായിരുന്നു മര്‍ദനം.

താന്‍ വരുമ്പോള്‍ പ്രസിഡന്റ് അവിടെ ഉണ്ടായിരുന്നില്ലെന്ന് അജീഷ് പറഞ്ഞു. അതിനാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിലേക്ക് പോയിരുന്നു. അവിടെ ഇരിക്കുമ്പോള്‍ തന്നെ ചിലര്‍ വന്ന തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞ് തീര്‍ത്ത് പോകാനൊരുങ്ങിയ തന്നെ പ്രസിഡന്റിന്റെ റൂമിലേക്ക് വിളിച്ചു കൊണ്ടു പോവുകയും അടച്ചിട്ട് അസഭ്യം വിളിക്കുകയുമായിരുന്നു.

ആസൂത്രിതമായിട്ടാണ് മര്‍ദനം നടന്നതെന്ന് കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. ഉദ്യോഗസ്ഥനെ തന്ത്രപൂര്‍വം പ്രസിഡന്റിന്റെ മുറിയില്‍ കയറ്റി കതകടച്ചു. അവിടെ ഇട്ട് മര്‍ദിക്കുന്നതിനായി കസേരയും മറ്റും മാറ്റിയിട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വനിതകള്‍ അടക്കമുള്ള പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് രൂക്ഷമായ അസഭ്യ വര്‍ഷം നടത്തിയെന്ന് അജീഷ് പറഞ്ഞു. ഗുണ്ടായിസവും ഉണ്ടായി. ഇതിനിടെയാണ് ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ ചെരുപ്പൂരി മുഖത്ത് അടിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ രംഗമെല്ലാം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അടിയേറ്റ് കണ്ണട തെറിച്ചു പോയി. ബിഡിഓ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്ന് അജീഷ് പറഞ്ഞു.

ഇതു സംബന്ധിച്ച് പരാതിക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് അജീഷ് പറയുന്നു. അതേ സമയം, വനിതകള്‍ അടക്കമുള്ള പഞ്ചായത്തംഗങ്ങള്‍ അജീഷ് തങ്ങളെ മര്‍ദിച്ചുവെന്ന് ആരോപിച്ച് ചികില്‍സ തേടി. സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഏരിയാ സെക്രട്ടറിയുടെയും നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്ത് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുന്നില്‍ ധര്‍ണയും നടത്തി. സിപിഎമ്മിന്റെ സര്‍വീസ് സംഘടനയില്‍പ്പെട്ട ആളാണ് മര്‍ദനമേറ്റ ഉദ്യോഗസ്ഥനെന്ന് പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …