റാന്നി: പുതിയ അധ്യയന വര്‍ഷത്തിലെ ആരംഭ ദിവസം തന്നെ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആയയ്ക്കും വിദ്യാര്‍ഥിക്കും പരുക്കേറ്റു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂള്‍ ബസാണ് മറിഞ്ഞത്. ബസിനുള്ളില്‍ എട്ടു കുട്ടികളും ആയയും ഡൈവറും ഉണ്ടായിരുന്നു. പരുക്കേറ്റ ആയ രമ്യ വിനോദി (35) നെ റാന്നി താലൂക്ക് ആശുപത്രിയിലും വിദ്യാര്‍ത്ഥി ആദിത്യന്‍ ബിജു (13)വിനെ കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സ നല്‍കി വിട്ടയച്ചു.
റോഡിന്റെ വശത്ത് കിടന്ന കല്ലിന് മുകളില്‍ കയറി നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്നാണ് നിഗമനം. ബസ് മരത്തില്‍ തട്ടി നിന്നതിനാല്‍ അപകടമൊഴിവായി. വളരെ വീതി കുറഞ്ഞതും കുണ്ടും കുഴികളുമായി വര്‍ഷങ്ങളായി കിടക്കുന്ന റോഡാണിത്. പമ്പാനദിയുടെ തീരത്തു കൂടി തീരദേശ ഹൈവേയ്ക്ക് വേണ്ടി പദ്ധതി തയാറാക്കിയിരുന്നു.
റോഡിന്റെ പല ഭാഗങ്ങളിലും വളവും ഒരു സൈഡില്‍ വലിയ താഴ്ചയുമാണ്.
പല സ്ഥലങ്ങളിലും ഒരേസമയം ഒരു വാഹനം മാത്രമേ കടന്നുപോകാന്‍ കഴിയുകയുള്ളു. അറുവച്ചാംകുഴി ഐത്തല തീരദേശ പാതയുടെ ഭാഗമായി നടത്തേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തീകരിച്ചാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയും. എത്രയും പെട്ടെന്ന് റോഡിന്റെ വശങ്ങള്‍ കെട്ടി ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് റോഡ് സൈഡിലേക്ക് വളര്‍ന്നു നില്‍ക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ മരങ്ങളും കാടുകളും തെളിച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.