റാന്നി: കുട്ടികളെ വരവേല്‍ക്കാന്‍ വ്യത്യസ്തമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് വെച്ചൂച്ചിറ എണ്ണൂറാം വയല്‍ സി.എം.എസ്.എല്‍.പി സ്കൂള്‍. അരിക്കൊമ്പന് എന്ന പേര് നല്കിയ റോബോട്ടിക് ആനയാണ് കുട്ടികളെ വിദ്യാലയ പ്രവേശനോത്സവത്തില്‍ വരവേല്‍ക്കാനെത്തിയത്. രാവിലെ മുതല്‍ തന്നെ അരിക്കൊമ്പനെ കാണുന്നതിന് കുട്ടികള്‍ ഉള്‍പ്പെടുന്ന വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്.
കുട്ടികളെ വരവേറ്റും അവര്‍ക്ക് സല്യൂട്ട് നല്‍കിയും സൗഹൃദ ഭാവത്തില്‍ നില്ക്കുന്ന അരിക്കൊമ്പനെ കണ്ടപ്പോള്‍ കുരുന്നുകള്‍ക്ക് അത്ഭുതം അടക്കാനായില്ല. ചിന്നക്കനാലിലും കമ്പത്തും ജനങ്ങളുടെ പേടി സ്വപ്നമായ അരിക്കൊമ്പന് ഇത്ര പാവമായിപ്പോയോ എന്നാണ് കുരുന്നുകള്‍ ചോദിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ അരിക്കൊമ്പന്റെ അപരനെ എത്തിച്ചു ദ്യശ്യ വിരുന്നൊരുക്കി.
ആനയെ തൊട്ടും തലോടിയും കിന്നാരം പറഞ്ഞും കുരുന്നുകള്‍ സൗഹൃദം പങ്കു വെച്ചു. എല്ലാ വര്‍ഷവും ഏറെ വ്യത്യസ്തമായി പ്രവേശനോത്സവം സംഘടിപ്പിക്കുന്ന എണ്ണൂറാംവയല്‍ സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവവും ആകര്‍ഷകവും വ്യത്യസ്തവുമായ കൗതുക കാഴ്ചയായി. വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്ക്കുന്ന അരിക്കൊമ്പന് കുട്ടികളുടെ മനസിലും ഇടം നേടി.
പ്രവേശനോത്സവ ദിനത്തില്‍ അരിക്കൊമ്പനെ എത്തിക്കുമെന്ന് കുട്ടികള്‍ക്ക് ഉറപ്പ് നല്കിയ പ്രധാനാധ്യാപകനും സഹാധ്യാപകരും തങ്ങളുടെ വാക്ക് പാലിച്ചു . ഇതെങ്ങനെ സാധ്യമാകും എന്ന ആകാംക്ഷയിലായിരുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും മറക്കാത്ത അനുഭവമായി വെച്ചൂച്ചിറ പ്രവേശനോത്സവം. നാടും കാടും വിറപ്പിച്ച് രണ്ടു സംസ്ഥാനങ്ങള്‍ക്ക് തന്നെ തലവേദനയായ അരിക്കൊമ്പനെ അത്യാഹ്ലാദത്തോടെയാണ് എണ്ണൂറാംവയല്‍ സ്കൂളിലെ കുട്ടികള്‍ വരവേറ്റത്.
ആന ഒരു ഭീകര ജീവി അല്ല എന്നാണ് ഇപ്പോള്‍ കുട്ടികളുടെ പക്ഷം. പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ റവ. സോജി വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, റവ. ബൈജു ഈപ്പന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. രമാദേവി, ടി കെ രാജന്, ഷാജി കൈപ്പുഴ, പ്രധാനാധ്യാപകന് സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, ജോജി തോമസ് വര്‍ക്കി, പി. ടി. മാത്യു, സാം സി മാത്യു, , എം. ജെ.ബിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.