പത്തനംതിട്ട: മദ്രസാ പഠനത്തിന് വന്ന ഏഴു വയസുകാരനെ മര്‍ദിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. കുലശേഖരപതി ജമാഅത്ത് മദ്രസയിലെ അധ്യാപകന് അയൂബ് മൗലവിക്കെതിരേയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, ഐപിസി 324 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.
മേയ് 23 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടിന് കുലശേഖരപതി ജമാഅത്ത് മദ്രസയില്‍ വച്ച് കുട്ടി പഠിക്കുന്നില്ലെന്ന് പറഞ്ഞ് പിടലിക്ക് പിടിച്ച് മുന്‍വശം ഡെസ്കില്‍ ഇടിപ്പിച്ചുവെന്നാണ് മാതാവിന്റെ മൊഴി. കുട്ടിയുടെ ചുണ്ടിന് പരുക്കേറ്റു. ഇതിന് മുന്‍പൊരു ദിവസം കുട്ടിയുടെ തോളില്‍ പ്രതി വടി കൊണ്ട് അടിച്ചുവെന്നും പറയുന്നു. അന്ന് തന്നെ മാതാവ് വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിച്ചു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ല. വിവരം ചൈല്‍ഡ് ലൈനില്‍ അറിഞ്ഞെങ്കിലും തുടര്‍ നടപടിക്ക് അവരും തയാറായില്ല. കുട്ടിയെയും മാതാവിനെയും കാണാനില്ലെന്നുള്ള തൊടുന്യായമാണ് ഇവര്‍ പറഞ്ഞത്.
ഇതിനിടെ മൗലവിയും അഭിഭാഷകനും ചേര്‍ന്ന് കുട്ടിയുടെ വീട്ടില്‍ ചെന്ന് മാതാവിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. ഭയന്നു പോയ ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയി. വിവരം പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ചൈല്‍ഡ്ലൈനില്‍ നിന്ന് തുടര്‍ നടപടിയില്ലാത്തതിനാല്‍ പൊലീസിന് ഇടപെടാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച ആരോഗ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി പോയി. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച തിരക്കിട്ട് കുട്ടിയെയും മാതാവിനെയും കണ്ടെത്തി പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.