അടൂര്‍: ലോകത്താകമാനം ആവശ്യക്കാരേറെയുള്ള അവക്കാഡോ പഴക്കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കടമ്പനാട് തുവയൂര്‍ സൗത്ത് പനവിള ഷോണ്‍ വില്ലയില്‍ സുജിത്ത് ടി. തങ്കച്ചന്‍. യാത്രയ്ക്കിടെ എറണാകുളത്ത് നിന്നും അഞ്ച് വര്‍ഷം മുന്‍പാണ് അവക്കാഡോ തൈ വാങ്ങിയത്. നട്ട് അഞ്ച് വര്‍ഷം കഴിഞ്ഞതോടെയാണ് പൂവിട്ടത്. രണ്ട് മാസം കൊണ്ട് പഴമാകും. കിലോയ്ക്ക് മുന്നൂറ് രൂപ വരെ വിലയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
പോഷകഗുണങ്ങള്‍ ഏറെയുള്ള അവക്കാഡോ പഴം ഷേക്കാക്കി കുടിക്കുന്നതാണ് ആള്‍ക്കാര്‍ക്ക് പ്രിയം. ഇപ്പോള്‍ വൃക്ഷം നിറയെ പൂത്തുലഞ്ഞ് കായ പിടിച്ചു കിടക്കുകയാണ്. മലയോര മേഖലയില്‍ അപൂര്‍വമായാണ് അവക്കാഡോ കായ്ക്കുന്നത്. അവക്കാഡോ പഴങ്ങള്‍ക്ക് വെണ്ണപ്പഴമെന്നും വിളിപ്പേരുണ്ട്. പഴത്തിനുള്ളിലെ മഞ്ഞ കലര്‍ന്ന മാംസള ഭാഗമാണ് കഴിക്കുന്നത് . ടണ്‍ കണക്കിന് വെണ്ണപ്പഴമാണ് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് വെണ്ണപ്പഴം ധാരാളമായി പോകുന്നുണ്ട്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലേക്ക് ഇത് കയറ്റുമതി ചെയ്യുന്നുമുണ്ട്.
സുജിത്തിന്റെ വീട്ടുവളപ്പില്‍ സമ്മിശ്ര ഫലവര്‍ഗ കൃഷിയാണ് ഉള്ളത്. ഡ്രാഗണ്‍ ഫ്രൂട്ട്, ലിച്ചി, റമ്പൂട്ടാന്‍, ഫിലോസാന്‍, മാംഗോസ്റ്റിന്‍, മിറാക്കിള്‍ ഫ്രൂട്ട്, നോനി, അമ്പഴം, സീതപ്പഴം, ശീമപുളി, മീന്‍ പുളി, ചെറുനാരകം തുടങ്ങി 80 സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.