‘ഞാന്‍ ഇപ്പോള്‍ ദൈവത്തെ കണ്ടുമുട്ടി’ സംവിധായകന് എസ്എസ് രാജമൗലി ഫേസ് ബുക്കില്‍ കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കു വച്ചു. മൗലി വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനൊപ്പം നില്ക്കുന്ന ചിത്രമാണ് അത്.
ലോകമാകെ ചടുലനൃത്തച്ചുവടുകള്‍ വച്ച് വൈറലാക്കിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ‘ആര് ആര് ആര്’ എന്ന ചിത്രത്തിലെ പ്രവര്‍ത്തകര്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് എസ് എസ് രാജമൗലിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തില്‍ മികച്ച സംവിധായകനായി സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ ‘ദ ഫാബെല്‍മാന്‍സ്’ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. ജാസ്, ദ എക്ട്ര ടെറസ്ട്രിയല്‍, ജുറാസിക് പാര്‍ക്ക് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന സംവിധായകരില്‍ ഒരാളാണ്.
എസ് എസ്. രാജമൗലി സംവിധാനം ചെയ്ത ‘ആര് ആ!ര്‍ ആര്’ എന്ന തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമയിലെ ‘നാട്ടു നാട്ടു…’ ഹോളിവുഡിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് ഏറ്റവും മികച്ച മൗലിക ഗാനത്തിനുള്ള (ഒറിജിനല്‍ സോങ് ) ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കിയത്. ചന്ദ്ര ബോസ് രചിച്ച ഗാനം എം എം കീരവാണിയാണ് സംഗീത സംവിധാനം ചെയ്തത്. കീരവാണിയുടെ മകന് കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ച് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.