കോഴഞ്ചേരി: ടൗണില്‍ പമ്പാ നദിക്ക് കുറുകേ പണി തീരാതെ കിടക്കുന്ന പുതിയ പാലം കണ്ട് അതു വഴി വന്ന മറുനാട്ടുകാര്‍ ആരോ ചോദിച്ചു പോലും: ഇതെന്താ മഹാപ്രളയത്തില്‍ പാലം ഒലിച്ചു പോയതാണോ? കണ്ടവര്‍ വിചാരിച്ചത് അങ്ങനെ ഒലിച്ചു പോയ പാലത്തിന് പകരം നിര്‍മിച്ചതിലൂടെയാണ് നിലവില്‍ വാഹനം കടന്നു പോകുന്നത് എന്നാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ പടരുന്ന ബ്ലാക് ഹ്യൂമര്‍ ആണെങ്കിലും പൊതുജനം അങ്ങനെ ചിന്തിച്ചാല്‍ അവരെ തെറ്റു പറയാന്‍ കഴിയുമോ?
ആറന്മുള എം.എല്‍.എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ് തുടങ്ങി വച്ച് പദ്ധതികളൊക്കെ പാതി വഴിയില്‍ നിലയ്ക്കുന്നു. പത്തനംതിട്ട നഗരത്തിലെ ഫ്‌ളൈ ഓവര്‍ എയറില്‍ നില്‍ക്കുമ്പോള്‍ കോഴഞ്ചേരി ടൗണിലെ പുതിയ പാലത്തിന്റെ കാര്യവും മറ്റൊന്നല്ല. പണി തുടങ്ങി നാലു വര്‍ഷമായിട്ടും പാലം നാലു കാലില്‍ ആയില്ല! അതായത് അക്കരെ ഇക്കരെ തൊട്ടിട്ടില്ല.
നിലവിലുള്ള പാലത്തിന് സമാന്തരമായി ആരംഭിച്ച പുതിയതിന്റെ പണി പാതി വഴിയില്‍ നിലച്ചിട്ട് നാളേറെയായി. പാലം പൂര്‍ത്തിയാക്കി ഉദ്ഘാടന സമയം വരെ കുറിച്ച് പ്രഖ്യാപിച്ചാണ് നിര്‍മാണം ആരംഭിച്ചത്. ഇതിനിടെ നിരവധി കരാറുകാര്‍ മാറി വന്നു. പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ രണ്ട് തവണയാണ് ടെണ്ടര്‍ ചെയ്തത്. രണ്ട് തവണയും മാനദണ്ഡ പ്രകാരമുള്ള കരാറുകാരെ കിട്ടിയല്ലത്രേ. മൂന്നാം തവണ പാലത്തിന്റെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് 20.58 കോടി രൂപയ്ക്ക് ടെണ്ടര്‍ ചെയ്തു.
നിര്‍ദ്ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡില്‍ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന. 1948 ല്‍ നിര്‍മിച്ച കോഴഞ്ചേരി പഴയ പാലത്തിന്റെ ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് പാലം അപര്യാപ്തമായിരുന്നു. 2018 ഡിസംബര്‍ 27 നാണ് പുതിയ പാലം നിര്‍മാണം തുടങ്ങിയത്. ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ പാലം നിര്‍മാണം കുരുങ്ങി.
റോഡിനായുള്ള സ്ഥലമേറ്റെടുപ്പിലേക്ക് കടന്നതോടെ പരാതികളും കേസുകളും തുടങ്ങി. സര്‍ക്കാര്‍ വസ്തു കൂടുതലുള്ള കോഴഞ്ചേരി കരയില്‍ എതിര്‍പ്പുകള്‍ കുറവാണ്. നെടുംപ്രയാര്‍ കരയെയും കോഴഞ്ചേരി ചന്തക്കടവിനെയും ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുമെന്നാണ് പ്രഖ്യാപനം. സാങ്കേതിക അനുമതി ലഭിച്ച പുതിയ പാലം 2016-17 സാമ്പത്തിക വര്‍ഷമാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. കിഫ്ബിയുടെ ഫണ്ടില്‍ നിന്ന് 19.69 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാലത്തിന് 198.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വഴിയുടെ വീതിയും ഇരുവശങ്ങളിലുമായി 1.6 മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കം ആകെ 12 മീറ്റര്‍ വീതിയാണുള്ളത്. രണ്ട് സ്പാനുകളിലെ ആര്‍ച്ചിന്റെ കോണ്‍ക്രീറ്റിങ് കഴിഞ്ഞു.
ആകെ നാല് ആര്‍ച്ചുകളാണ് പാലത്തിനുള്ളത്. വെള്ളത്തില്‍ മൂന്നും ഇരു കരകളോടും ചേര്‍ന്ന് ഓരോന്നും ഉള്‍പ്പെടെ അഞ്ചു തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലുമാണ് സമീപന പാത. തോട്ടപ്പുഴശേരി പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന സമീപന പാത വണ്ടിപ്പേട്ടയ്ക്കു മുന്നിലുള്ള വണ്‍വേ റോഡില്‍ അവസാനിക്കും.
മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികള്‍ നിലനിര്‍ത്താനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സമീപന പാതയ്ക്കു സമീപം വഴികളും പദ്ധതിയിലുണ്ട്. എന്നാല്‍ ഇരു കരകളിലും തൂണുകളില്‍ ഒതുങ്ങുകയാണ് പാലം. പുതിയ പാലം കഴിഞ്ഞ ലോക്‌സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണി പ്രചാരണ ആയുധമാക്കിയിരുന്നു.
അതിനു ശേഷം പണി ഇഴഞ്ഞു. ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. പാലം പണി നിലച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരപരിപാടികളും നടന്നിരുന്നു. പാലം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴഞ്ചേരി ചന്തയുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനാകുകയുള്ളൂ എന്നാണ് കച്ചവടക്കാരും നാട്ടുകാരും പറയുന്നത്. നിര്‍മാണത്തിന്റെ പശ്ചാത്തലത്തിലാണ് കടകള്‍ പൊളിച്ചുനീക്കിയത്. ആളുകളുടെ വരവ് കുറഞ്ഞതോടെ ചന്തയിലുള്ള വ്യാപാരം പേരിനു മാത്രമായി.