മല്ലപ്പള്ളി: മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ഒരു വീട്ടിലെ സാധനങ്ങള്‍ ഒന്നടങ്കം മോഷ്ടിച്ചു കറങ്ങിയത് വിവിധ ജില്ലകളില്‍. സിസിടിവി ദൃശ്യങ്ങള്‍ നോക്കി പിന്തുടര്‍ന്ന മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ പൊലീസ് ഒടുവില്‍ തിരുവനന്തപുരം പാലോട് നിന്ന് മോഷണ മുതലായ സ്‌കൂട്ടര്‍ സഹിതം പ്രതിയെ പൊക്കി.
ആറ്റിങ്ങല്‍ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടില്‍ കണ്ണപ്പന്‍ എന്നു
വിളിക്കുന്ന രതീഷാ(35)ണ്, സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന കീഴ്‌വായ്പ്പൂര്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. കുന്നന്താനം പാമല വടശ്ശേരില്‍ വീട്ടില്‍ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കല്‍ പുത്തന്‍ പുരയില്‍ വീട്ടുമുറ്റത്ത് നിന്നാണ് ഇയാള്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. കഴിഞ്ഞമാസം 13 ന് രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 6.45 നുമിടയിലുമാണ് മോഷണം നടത്തിയത്. വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ച 28000 രൂപയും 112000 വിലവരുന്ന 20.50 ഗ്രാം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. എന്നിട്ടാണ് സ്‌കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കടന്നത്.
സ്‌കൂട്ടറിന് 70000 രൂപ വില വരും. ആകെ 210000 രൂപയുടെ നഷ്ടമുള്ളതായി കാണിച്ച് ശരത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 14 ന് കേസ് രജിസ്റ്റര്‍ ചെയ്ത കീഴ്‌വായ്പ്പൂര്‍ പോലീസ്, ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന്, പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. മോഷ്ടിച്ച് സ്‌കൂട്ടറില്‍ ഇയാള്‍ നേരെ കോട്ടയത്തേക്കാണ് കടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണ സംഘം മോഷ്ടാവിന്റെ പിന്നാലെ കൂടി. ഏറ്റുമാനൂര്‍, കുമാരനല്ലൂര്‍ എന്നിവിടങ്ങള്‍ സഞ്ചരിച്ച മോഷ്ടാവ് കൊല്ലം ജില്ലയിലെ പത്തനാപുരം, അഞ്ചല്‍, കുളത്തൂപ്പുഴ പ്രദേശങ്ങള്‍ താണ്ടി യാത്ര തുടര്‍ന്നു, ക്ഷമയോടെയും ആവേശത്തോടെയും പോലീസും പിന്നാലെ കൂടി. ഒടുവില്‍ ബുധനാഴ്ച ചിതറയിലും പരിസരങ്ങളിലും കള്ളന്‍ സ്‌കൂട്ടറുമായി കറങ്ങുന്നതായി വ്യക്തമായി. വൈകിട്ട് 4.30 ന് അവിടെയെത്തിയ അന്വേഷണസംഘം തിരുവനന്തപുരം പാലോട് മോഷ്ടാവ് ഉണ്ടെന്ന് മനസ്സിലാക്കി.
തുടര്‍ന്ന് പാലോട് കാത്തു നിന്നപ്പോള്‍ വാഹനം മടത്തറ ഭാഗത്തേക്ക് ഓടിച്ചുവരുന്നതായി കണ്ടെത്തി. പിന്തുടര്‍ന്ന പോലീസ് സംഘം മുന്നില്‍ കയറി ഇയാളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പതറിപ്പോയ കള്ളന്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉഴറി. മറുപടികള്‍ എല്ലാം പരസ്പര വിരുദ്ധമായിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഒന്നും കൈയിലില്ല എന്ന മറുപടിയില്‍ പിടിച്ചു കയറി ചോദ്യങ്ങളിലൂടെ പോലീസ് കുഴക്കിയപ്പോള്‍ കള്ളന്‍ സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനായി.
മൂന്നാഴ്ച്ച മുമ്പ് രാത്രി തിരുവല്ലയ്ക്കും മല്ലപ്പള്ളിയ്ക്കുമിടയിലെ ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന വിവരം പ്രതി കൃത്യമായി പോലീസിനോട് വെളിപ്പെടുത്തി. അവിടെവച്ചുതന്നെ വൈകിട്ട് 5.15 ന് അറസ്റ്റ് ചെയ്തു. സ്‌കൂട്ടര്‍ പിടിച്ചെടുത്ത് ചിതറ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ കീഴ്‌വായ്പ്പൂര്‍ സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു. വിരലടയാളമെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2021 ല്‍ ഏനാത്ത് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസ് ഉള്‍പ്പെടെ നിരവധി മോഷണം, കവര്‍ച്ച കേസുകളില്‍ പ്രതിയാണ് രതീഷ്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലാണ് മറ്റ് കേസുകള്‍ ഉള്ളത്. ഇതില്‍ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമം, ലഹളയുണ്ടാക്കല്‍, വധശ്രമം, മാരകായുധമുപയോഗിക്കല്‍, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.