തിരുവല്ല: പൊതുസ്ഥലത്ത് കഠാരയും വടിവാളും വീശി തമ്മിലടിച്ച ഗുണ്ടാ സംഘങ്ങള്‍ പോലീസ് പിടിയില്‍. ഇവരുടെ പക്കല്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. കാപ്പ കേസ് പ്രതി അടങ്ങുന്ന സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. അഞ്ചു പേരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ കവിയൂര്‍ പുന്നിലം ജങ്ഷന് സമീപം ആയിരുന്നു സംഭവം. ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയില്‍ വീട്ടില്‍ അനീഷ് കെ. എബ്രഹാം (29), നെല്ലിക്കുന്നില്‍ വീട്ടില്‍ അജയകുമാര്‍ (28), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയില്‍ വീട്ടില്‍ അനില്‍കുമാര്‍ (26), പള്ളിക്കച്ചിറ അമ്പാട്ട് വീട്ടില്‍ സുമിത്ത് (28), കവിയൂര്‍ തൂമ്പുങ്കല്‍ കോളനിയില്‍ വിഷ്ണു നിവാസില്‍ ജിഷ്ണു (28) എന്നിവരാണ് പിടിയിലായത്. വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങള്‍ വാക്കേറ്റത്തിനൊടുവില്‍ തമ്മിലടിക്കുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്ക് നേരെ സംഘം വടിവാള്‍ വീശി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി സംഘാഗങ്ങളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പിടിയിലായ അനീഷ് കെ. എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് നാല് പ്രതികള്‍ കഞ്ചാവ് വില്‍പ്പനയും അടിപിടിയും അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്ന് സി.ഐ ബി.കെ സുനില്‍ കൃഷ്ണന് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.