പത്തനംതിട്ട : ലോക കേരളസഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിൽ കെ – റെയിൽ ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ദിവാസ്വപ്നമായി അവശേഷിക്കുമെന്ന്കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
ഈ ഒറ്റ പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. കേരളത്തിന്റെ പരിസ്ഥിതിയെ മുച്ചൂടും മുടിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞറടക്കം ഒട്ടേറെ പ്രമുഖർ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്കനുകൂല റിപ്പോർട്ട് ഉണ്ടാക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്തു തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവിയോണ്മെന്റ് സ്റ്റഡീസ് ആൻഡ് ഡെവലപ്പ്മെന്റിനെ (CED) കൊണ്ടു നടത്തിയ പഠനത്തിലും പദ്ധതി കടന്നു പോകുന്ന 164 ഇടങ്ങൾ അതീവ സെൻസിറ്റീവാണെന്നും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ ഇടയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ പിന്നെ മുഖ്യമന്ത്രിയുടെ ഈ രണ്ടു പ്രഖ്യാപനങ്ങളും എങ്ങനെ ഒരുമിച്ചു പോകും?
പദ്ധതി അകാരണമായി തടഞ്ഞു വച്ചിരിക്കുന്നു എന്ന് വാദമുയർത്തുന്ന മുഖ്യമന്ത്രി കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെട്ട വിശദാംശങ്ങൾക്ക് ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്ന കാര്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. എന്നുമാത്രമല്ല ഒരു വൻകിട പദ്ധതിയുടെ അനുമതിക്കാവശ്യമായ പരിസ്ഥിതി ആഘാത പഠനം, ഹൈഡ്രോളജിക്കൽ പഠനം, ജിയോ ടെക്നിക്കൽ പഠനം എന്നിവ നടന്നു വരുന്നതേയുള്ളൂ എന്ന് സർക്കാറിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ പ്രോഗ്രസ് കാർഡിൽ സ്വയം സമ്മതിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പരസ്പരവിരുദ്ധവും യുക്തിഭദ്രം അല്ലാത്തതുമായ വാദഗതികൾ ഉന്നയിക്കുന്നത് തന്നെ പദ്ധതിയെക്കുറിച്ച് വ്യക്തതയില്ലാത്തതിന്റെ പ്രതിഫലനമാണെന്നും ഒരു കാരണവശാലും കേരളത്തിൽ ഈ പദ്ധതി നടപ്പാവാൻ പോകുന്നില്ലെന്നും പുതുശ്ശേരി പറഞ്ഞു.