വാഹന പരിശോധന നടത്തിയ എസ്‌ഐയും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി നടുറോഡില്‍ വാക്കേറ്റം: എസ്‌ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

1 second read
Comments Off on വാഹന പരിശോധന നടത്തിയ എസ്‌ഐയും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി നടുറോഡില്‍ വാക്കേറ്റം: എസ്‌ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി
0

പത്തനംതിട്ട: വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ്‌ഐയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായി നടുറോഡില്‍ വാക്കേറ്റം. വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതില്‍ എസ്‌ഐ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ലോക്കല്‍ സെക്രട്ടറി രംഗത്തു വന്നത്. എസ്‌ഐയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ നടുറോഡില്‍ വാക്കേറ്റം രൂക്ഷമായി. കാണാന്‍ നാട്ടുകാരും തടിച്ചു കൂടി. ഒടുവില്‍ ഡിവൈഎസ്പി നേരിട്ട് സ്ഥലത്ത് വന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച് മാറ്റി. വാക്കേറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെ എസ്‌ഐക്കെതിരേ നാട്ടുകാരന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.

കോന്നി എസ്‌ഐ സജു ഏബ്രഹാമും സിപിഎം അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അരുവാപ്പുലം തേക്കുതോട്ടം ജങ്ഷനില്‍ കൊരുത്തത്. ഇന്റര്‍സെപ്റ്റര്‍ വാഹനവുമായി വാഹന പരിശോധന നടത്തുകയായിരുന്നു എസ്‌ഐയും സംഘവും. ഈ സമയം സ്ഥലത്ത് വന്ന ലോക്കല്‍ സെക്രട്ടറി എസ്‌ഐയ്ക്ക് നേരെ തിരിയുകയായിരുന്നു. ഇരുവരും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം നടത്തി.നിരവധി പേര്‍ നോക്കി നില്‍ക്കേയാണ് എസ്‌ഐയെ ലോക്കല്‍ സെക്രട്ടറി വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്. എസ്‌ഐയും തിരിച്ച് മറുപടി കൊടുത്തു. ഇവര്‍ തമ്മിലുളള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. വിവരം അറിഞ്ഞ് കോന്നി ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തര്‍ സ്ഥലത്തു വന്ന് ഇരുകൂട്ടരെയും അനുനയിപ്പിച്ച് വിട്ടു.

കഴിഞ്ഞ 25 ന് വകയാറില്‍ എസ്‌ഐ സജു വാഹനം പരിശോധിക്കുമ്പോള്‍ ദീദു ബാലനുമായി തര്‍ക്കം ഉണ്ടായിരുന്നു. പാറമടയില്‍ നിന്ന് അമിത ലോഡ് കയറ്റി വന്ന വാഹനങ്ങള്‍ വേബ്രിഡ്ജില്‍ വച്ച് തൂക്കി നോക്കി എസ്‌ഐ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ലോറിക്ക് 30,000 രൂപ വരെ പിഴയിനത്തില്‍ ഈടാക്കി. അന്നും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം നടന്നു. തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും ദീദുവിനെതിരേ പരാതി നല്‍കാന്‍ എസ്‌ഐ തയാറായിട്ടില്ല.

അതേ സമയം ആളെ നോക്കിയാണ് എസ്‌ഐ പിഴ ഈടാക്കുന്നത് എന്നാണ് ലോക്കല്‍ സെക്രട്ടറി പറയുന്നത്. മുന്‍പ് മൂന്നു വാഹനം ഒന്നിച്ച് പിടിക്കുകയും അതില്‍ രണ്ടെണ്ണം കുറഞ്ഞ പിഴ ചുമത്തി വിട്ടയയ്ക്കുകയും ഒരെണ്ണത്തിന് വന്‍ തുക പിഴ ഈടാക്കുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. വാഹന പരിശോധന നടക്കുന്ന സ്ഥലത്ത് വച്ച് ഇതാണ് ചോദ്യം ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.

അതേ സമയം, വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ എസ്‌ഐ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് അരുവാപ്പുലം പാറയ്ക്കല്‍ പി.വി. ബിജു മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നല്‍കി. എസ്‌ഐ സജു വാഹന പരിശോധനയ്ക്കിടെ ഗ്യാലക്‌സി പാറമടയില്‍ നിന്ന് പാറ കയറ്റി വന്ന ചില ലോറികള്‍ക്ക് മാത്രം 250 രൂപയും സാധാരണക്കാരന്റെ ലോറികള്‍ക്ക് അരലക്ഷം രൂപയും പിഴ ഈടാക്കുന്നത് കണ്ടു. അമിത പിഴ ഈടാക്കുന്നതിന്റെ ചിത്രം പകര്‍ത്തിയ തന്റെ മൊബൈല്‍ എസ്‌ഐ തട്ടിത്തെറിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ഒപ്പമുണ്ടായിരുന്നയാളെയും എസ്‌ഐ മര്‍ദിച്ചുവെന്ന് പറയുന്നു.

എസ്‌ഐ സജുവിനെ കഴിഞ്ഞയാഴ്ച പത്തനംതിട്ടയിലേക്ക് മാറ്റി ഉത്തരവിറങ്ങിയിരുന്നു. ഇതു വരെ ഇത് നടപ്പായില്ല. നിലവില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുമായി കൊരുത്തതിന്റെ പേരിലാണ് എസ്‌ഐയെ മാറ്റിയത് എന്ന പ്രചാരണം ശരിയല്ലെന്നും ഉന്നത പൊലീസുദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …