ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. മേല്‍ശാന്തി വി.ഹരികൃഷ്ണന്‍ നമ്പൂതിരി മാളികപ്പുറം നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും.
ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതി ഹോമം.തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30 ന് ഉഷപൂജ. ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി 10 ന് നട അടയ്ക്കും.
അതേ സമയം, ശബരിമലയുടെ പ്രധാന ഹബ് ആയ നിലയ്ക്കലിലെ പെട്രോള്‍ പമ്പില്‍ ഡീസലും പെട്രോളും ഇല്ലാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള തീര്‍ത്ഥാടകരെ ദ്രോഹിക്കുന്ന അലംഭാവമാണ് നടക്കുന്നത് എന്നാണ് ആരോപണം.