
അടൂര്‍: കേബിള്‍ ടിവി ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കേബിള്‍ നെറ്റ്വര്‍ക്ക് ഉടമയ്ക്കെതിരേ വീണ്ടും കേസ്. ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെതിരേയാണ് കേബിള്‍ ടിവി ജീവനക്കാരന് കോട്ടയം കിടങ്ങൂര്‍ വിഷ്ണു ഭവനില്‍ വിഷ്ണുവിന്റെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അജി ഫിലിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
15 ന് രാത്രി 10.30 നാണ് വിഷ്ണുവിനെ മര്‍ദിച്ചത്. അജിയുടെ കേബിള്‍ ടിവി നെറ്റ വര്‍ക്കില്‍ ടെക്നിഷ്യനായി ജോലി ചെയ്യുകയാണ് വിഷ്ണു. കേബിള്‍ ടിവി സംബന്ധമായ പരാതികള്‍ വരുന്ന മൊബൈല്‍ ഫോണ്‍ അജി എടുത്തു വയ്ക്കുകയും അത് തിരിച്ചു ചോദിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നാണ് വിഷ്ണുവിന്റെ പരാതി. കമ്പി വടി കൊണ്ടുള്ള അടിയില്‍ കാലിന് പരുക്കുണ്ട്. വിഷ്ണുവിന്റെ മൊഴിയെടുത്ത പോലീസ് ജാമ്യമുള്ള വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്.
2021 ല്‍ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചതിനും കനാല്‍ പുറമ്പോക്കിലെ മരങ്ങള്‍ മുറിച്ചു കടത്തിയതിനും അജി ഫിലിപ്പ് റിമാന്‍ഡില്‍ ആയിരുന്നു. രണ്ടു മാസം മുന്‍പാണ് കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ചതിന് വീണ്ടും ജയിലില്‍ ആയത്.