റാന്നി: ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ചു പല്ല് അടിച്ചു കൊഴിച്ച സഹോദരങ്ങളെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ സി.എസ്.ഐ ഹോസ്റ്റലിന് മുന്‍വശം സെന്റടിപ്പടിയില് ശനിയാഴ്ച രാവിലെ 11.30 നാണ് സംഭവം. വെണ്‍കുറിഞ്ഞിയില്‍ ഓട്ടം പോയി മടങ്ങി വരികയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോര്‍ജ് കുട്ടി എന്നു വിളിക്കുന്ന പി.സി ഡേവിഡിനെയാണ് ഓട്ടോ ഡ്രൈവറായ റോബിനും സഹോദരന് ജോബിനും ചേര്‍ന്ന് മര്‍ദിച്ചത്.
വെച്ചൂച്ചിറ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ ജോര്‍ജ് കുട്ടിയും റോബിനും തമ്മില്‍ രണ്ടു മാസം മുന്‍പ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ജോര്‍ജുകുട്ടിയെ തടഞ്ഞുനിര്‍ത്തി അടിച്ചത്. അടികൊണ്ട ജോര്‍ജ്കുട്ടിയുടെ താഴത്തെ വരിയിലെ രണ്ടു പല്ലുകള്‍ ഇളകി ഗുരുതരമായ പരുക്കു പറ്റി. പൊലീസ് സ്ഥലത്തെത്തി സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
പൊലീസ് ഇന്‍സ്പെക്ടര്‍ ജെര്‍ലിന്‍ വി.സ്കറിയയുടെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ സായിസേനന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അനില്‍ റോയി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ് കുമാര്‍, ജോസ് ഡാനിയേല്‍ എന്നിവരാണ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇരുവരെയും അറസ്റ്റ് ചെയ്തത്.