ചെങ്ങന്നൂര്‍: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്നതിന് വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ ഏറെക്കുറെ നടക്കില്ലെന്ന് ഉറപ്പായി. സര്‍ക്കാരിന്റെ പൊതുജനദ്രോഹത്തിന്റെ സ്മാരകം എന്നതു പോലെ പലരുടെയും അടുക്കളിയില്‍ വരെ സില്‍വര്‍ ലൈനിന്റെ മഞ്ഞക്കുറ്റികള്‍ കിടക്കുന്നുണ്ട്. ഇതിനിടെ പമ്പയുടെ തീരനിവാസികളെ ആശങ്കയിലാഴ്ത്തി പുതിയ റെയില്‍വേ ലൈനിനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ചെങ്ങന്നൂര്‍-പമ്പ ശബരിമല പാതയ്ക്ക് വേണ്ടിയുള്ള സര്‍വേയാണ് തുടങ്ങിയിരിക്കുന്നത്. നേരത്തേ ഇത് ആകാശപാതയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഭൂമിയിലൂടെ തന്നെ പാത വരുമെന്നാണ് സര്‍വേ നടപടികള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ മറ്റൊരു സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ജനങ്ങളും രംഗത്തേക്ക് ഇറങ്ങുകയാണ്. ശബരിമലയിലേക്ക് പമ്പയ്ക്ക് സമാന്തരമായി ആകാശ റെയില്‍വേ വരുന്നുവെന്ന് കേട്ട് സന്തോഷിച്ചവരെ പ്രതിരോധത്തിലാക്കിയാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. ചെങ്ങന്നൂരില്‍ നിന്നും തുടങ്ങി ആറന്മുള, കോഴഞ്ചേരി, അയിരൂര്‍, വടശേരിക്കര, പെരുനാട് വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായാണ് ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നത്.
വേഴാമ്പല്‍ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാന് ഇ. ശ്രീധരന് പരിശോധിച്ചതും ഇതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ലൈന്‍ കടന്നു പോകുന്നത്. ആറന്മുളയില് പലയിടത്തും വീടിന്റെ ചുവരില്‍ വരെ നമ്പര്‍ ഇട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. റോഡിലും കനാലിലും വരെ ചുവന്ന അടയാളം പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍, വടശേരിക്കര,പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാതയ്ക്ക് 72 കിലോമീറ്ററാണ് നീളം.
ലൈന്‍ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയാണ് സര്‍വേ തുടങ്ങിയത് എന്നും ആരോപണമുണ്ട്. ഇത് ഗുരുതരമായ വീഴ്ചയാണ്. പമ്പാ നദിയുടെ സമീപത്തുകൂടിയാണ് റെയില്‍പാത കടന്നു പോകുന്നതെന്ന് അറിയിച്ച ശേഷം മൂന്ന് കിലോമീറ്ററോളം അകലത്തിലുളള പ്രദേശത്തു കൂടി
സര്‍വേ നടത്തുന്നത് വിചിത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്ങന്നൂര്‍ ഹാച്ചറി ജങ്ഷന് സമീപത്തു കൂടി എം.സി റോഡ് മറികടന്ന് കാര്‍ത്തിക റോഡ്, ഗവ: ഐ.ടി.ഐ, ക്രിസ്ത്യന്‍ കോളേജ് എന്നിവയ്ക്ക് സമീപത്തു കൂടി ആറന്മുളയിലേക്ക് എത്തുന്ന വിധത്തിലാണ് പുതിയ പാതയ്ക്കുള്ള സര്‍വേ നടക്കുന്നത്. ആറന്മുള നിന്നും വയലത്തല വഴി വടശേരിക്കര എത്തിയ ശേഷം റെയില്‍ പാത പമ്പ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.
പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കൂടി സര്‍വേ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അനുമതിയോടു കൂടിയാണ് സര്‍വേ നടത്തുന്നതെന്നും ഇതുമായി മുന്നോട്ടു പോകുമെന്നുമാണ് സര്‍വേ നടത്തുന്നവരുടെ പ്രതികരണം.
സര്‍വേ ആരംഭിച്ചുവെങ്കിലും പാത കടന്നു പോകുന്ന ഭാഗം സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏജന്സിയാണ്സര്വേ നടത്തുന്നത്. നദി വളഞ്ഞും പുളഞ്ഞും പോകുന്നതിനാല്‍ സമന്തരമായുള്ള പാത പ്രായോഗികമല്ല. ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നു പോകുന്നതിനാല്‍ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിര്‍മ്മിക്കുന്നതെന്നും പറയുന്നുണ്ട്. റെയില്‍ പാതയ്ക്കായുള്ള ജനവാസ മേഖലയിലെ സര്‍വേ നിര്‍ത്തി വയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. നിലവിലെ സര്‍വേ പ്രകാരം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി കടന്നാണ് തെക്കേമലയിലേക്ക് പാത എത്തുന്നത്.