പത്തനംതിട്ട: പെട്രോള്‍ അടിക്കാന്‍ അല്‍പ്പം വൈകിയതിന് പമ്പ് ജീവനക്കാരിയെ അടിച്ചു. എന്നിട്ടും അരിശം തീരാതെ മടങ്ങി വന്ന് മറ്റ് ജീവനക്കാരെയും മര്‍ദിച്ചു. ഒന്നര മാസം മുന്‍പ് നടന്ന സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്നു രപ്രതികളില് ഒരാളെ തിരുവനന്തപുരത്ത് നിന്നും കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കലഞ്ഞൂര്‍ മലനട മുല്ലശ്ശേരില്‍ തെക്കേതില്‍ അനിരുദ്ധന് (19) ആണ് കൂടല്‍ പോലീസിന്റെ പിടിയിലായത്. ഇഞ്ചപ്പാറ കൈരളി ഫ്യൂവല്‍സില്‍ ഏപ്രില്‍ 30 ന് വൈകിട്ട് അഞ്ചിന് നടന്ന സംഭവത്തിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതില്‍ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കൈയേറ്റവും അതിക്രമവും ഉണ്ടായത്. പമ്പിലെത്തിയ ഒന്നും രണ്ടും പ്രതികള്‍ പെട്രോള്‍ ആവശ്യപ്പെടുകയും, വൈകിയപ്പോള്‍ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു. തുടര്‍ന്ന്, സ്ഥലം വിട്ട പ്രതികള്‍ മൂന്നാം പ്രതിയേയും കൂട്ടി 6.45 ഓടെ തിരിച്ചെത്തി ജീവനക്കാരിയെ അന്വേഷിച്ചു.
വിവരം പറയാന്‍ വിസമ്മതിച്ച ഓഫീസ് ജീവനക്കാരന് സോമനെ ഇടിവളയുമായി ഓഫീസില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു. തടസം പിടിച്ച മറ്റൊരു ജീവനക്കാരന് അനിലിനെയും മര്‍ദിച്ചു. ശാലിനിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ഊര്‍ജിതമാക്കി.
തിരുവനന്തപുരം പാളയത്തുള്ള ഹോട്ടലില്‍ വെയ്റ്റര്‍ ആയി അനിരുദ്ധന് ജോലിയെടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം അവിടെനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ കെ.പി ബിജു എ.എസ്.ഐ വാസുദേവക്കുറുപ്പ്, സി.പി.ഓമാരായ ഫിറോസ്, അരുണ്‍, ഗോപന്, അനൂപ്, അനൂപ്, പ്രവീണ്‍ എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.