പത്തനംതിട്ട: മല്ലപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി ഡോ. സജി ചാക്കോ അറിയിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനു ശേഷം തന്നെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് ഡി.സി.സി നേതൃത്വത്തെ ആജ്ഞാനുവര്‍ത്തിയാക്കി ചിലര്‍ പകപോക്കല്‍ നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബാങ്ക് തെരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റ് നിര്‍ദേശിച്ച പാനല്‍ അപ്പാടെ അംഗീകരിച്ചില്ല എന്നതാണ് പ്രധാന കാരണം. ഡി.സി.സി പ്രസിഡന്റ് നിര്‍ദേശിച്ച പാനലിലെ ഒരംഗം സ്ഥാനാര്‍ഥിയാകാന്‍ തയാറാകാത്തതു കാരണം നോമിനേഷന്‍ നല്‍കിയവരില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. സഹകരണ നിയമപ്രകാരം ജനാധിപത്യ രീതിയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവിനും പിടിച്ചില്ല. അന്നു മുതല്‍ പല തരത്തില്‍ ഈ നേതാവ് തന്നോട് പകപോക്കലായിരുന്നു. ഇപ്പോള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. പാര്‍ട്ടി തീരുമാനം ലംഘിച്ചുവെന്ന് പറഞ്ഞാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് വൈസ് പ്രസിഡന്റായ സുരേഷ് ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായി വോട്ടു ചെയ്ത കോണ്‍ഗ്രസ് അംഗങ്ങളെയും പുറത്താക്കിയില്ല. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ അവിശ്വാസത്തിനു നോട്ടീസ് നല്‍കുവാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ ഏതു കമ്മറ്റി തീരുമാന പ്രകാരമാണന്നും ആര്‍ക്കും അറിയില്ല. ചിലര്‍ ഒരുക്കിയ കെണിയില്‍ ഭരണസമിതി അംഗങ്ങള്‍ വീണുപോയിരിക്കുന്നു. പകപോക്കലിനപ്പുറം എന്ത് കാരണം കൊണ്ടാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കണം.
അടൂര്‍ കാര്‍ഷിക വികസന ബാങ്കില്‍ അഞ്ചു പേര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ മല്ലപ്പള്ളിയില്‍ തനിക്കെതിരെ മാത്രം നടപടി എടുത്തത് എന്തുകൊണ്ടാണ്?. നിരവധി സഹകരണ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സി.പി.എം പ്രതിനിധികളെ കൂട്ടി കോണ്‍ഗ്രസ് ഭരണം പങ്കിടുമ്പോള്‍ അവര്‍ക്കെതിരെ നടപടിയില്ല. പുറമറ്റം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പാനല്‍ പോലും ഇല്ലായിരുന്നു. കവിയൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ഭരണം തുടരുന്നതിന് ഒത്താശ നല്‍കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെയും നടപടി ഇല്ല. ഇതിനൊക്കെ മറുപടി നല്‍കുവാന്‍ കെല്‍പ്പുള്ള ഒരു നേതൃത്വം ജില്ലയില്‍ ഇല്ലെന്നും സജി ചാക്കോ പറഞ്ഞു.
തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതാണ്.
തിരിച്ചെടുക്കുമെന്ന് നേതാക്കള്‍ ഉറപ്പും നല്‍കിയതാണ്. തന്നെ പോലെ നിരവധി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്ത് ചാടിച്ചു കൊണ്ടിരിക്കുകയാണ്. അവരെയൈല്ലാം കൂട്ടിേയാജിപ്പിച്ച് ഇപ്പോഴത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏകാധിപത്യ സമീപനത്തിനെതിരെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നും സജി ചാക്കോ പറഞ്ഞു.
സജി ചാക്കോയ്ക്ക് രാജി വയ്‌ക്കേണ്ടിവന്നത്
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം മൂലം: പ്രഫ. സതീഷ് കൊച്ചുപറമ്പില്‍
പത്തനംതിട്ട: മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കെ.പി.സി.സിയുടെയും രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സജി ചാക്കോയെ കെ.പി.സിസി പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സി.സി അംഗീകരിച്ചു നല്‍കിയ പാനല്‍ വ്യത്യാസപ്പെടുത്തി സി.പി.എം നേതാവിനെ ഭരണ സമിതി അംഗമാക്കി തിരുകി കയറ്റിയതിനാണ് മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ശിപാര്‍ശ പ്രകാരം അച്ചടക്ക നടപടി എടുത്തത്.
പാര്‍ട്ടി തീരുമാനം പരസ്യമായി വെല്ലുവിളിച്ചാണ് സജി ചാക്കോ സി.പി.എം നേതാവിനെ പുറംവാതിലിലൂടെ ഭരണസമിതി അംഗമാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം സജി ചാക്കോ ലംഘിച്ചു. തുടര്‍ന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജി ചാക്കോ രാജി വയ്ക്കണമെന്ന കെ.പി.സി.സി നിര്‍ദ്ദേശവും അനുസരിച്ചില്ല. ഇത്തരം ഗുരുതരമായ അച്ചടക്കലംഘനങ്ങളാണ് സജി ചാക്കോ സ്വീകരിച്ചത്. ഏറ്റവും അവസാനം സംസ്ഥാന തലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ബാങ്കില്‍ നിന്നും പ്രതിനിധിയെ തെരഞ്ഞെടുക്കാതെ എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് സജി ചാക്കോ സ്വീകരിച്ചത്.
ബാങ്കിലെ ഒരു കോണ്‍ഗ്രസ് ഭരണസമിതി അംഗം ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയതിന് ശേഷമാണ് കേന്ദ്ര ബാങ്ക് പ്രതിനിധിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിക്ക് ശേഷം നാളിതുവരെ കെ.പി.സി.സി നിര്‍ദേശ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജി വച്ച് തെറ്റ് തിരുത്തുവാന്‍ സജി ചാക്കോ തയാറായിട്ടില്ലാത്താണ്. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അതൊക്കെ അവഗണിച്ച് പാര്‍ട്ടി നേതൃത്വത്തെ സജി ചാക്കോ അവഹേളിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നിരവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ് സജി ചാക്കോ.
തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്, മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിച്ചതിനു ശേഷമാണ് പാര്‍ട്ടിക്കെതിരേയും ഡി.സി.സിക്കെതിരേയും അസത്യ
പ്രചരണങ്ങളുമായി സജി ചക്കോ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ചെയ്തികള്‍
കൊണ്ടാണ് സജി ചാക്കോയ്ക്ക് പ്രസിഡന്റ് സ്ഥാനം രാജി വച്ച് പുറത്തു
പോകേണ്ടി വന്നത്. ഭൂരിപക്ഷം ഭരണസമിതി അംഗങ്ങളും അവിശ്വാസത്തെ പിന്‍തുണക്കുമെന്ന് മനസ്സിലാക്കിയാണ് സജി ചാക്കോ അവസാന നിമിഷം രാജി വച്ചതെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.