അരുവാപ്പുലം പഞ്ചായത്തിലെ എന്‍ആര്‍ഇജി ഓഫീസ് വനിതാ അംഗം അടിച്ചു തകര്‍ത്തു: പരാതി നല്‍കാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധം

0 second read
Comments Off on അരുവാപ്പുലം പഞ്ചായത്തിലെ എന്‍ആര്‍ഇജി ഓഫീസ് വനിതാ അംഗം അടിച്ചു തകര്‍ത്തു: പരാതി നല്‍കാത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധം
0

കോന്നി: സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ എന്‍.ആര്‍.ഇ.ജി ഓഫീസ് അടിച്ചു തകര്‍ത്തു. പഞ്ചായത്ത് സെക്രട്ടറി സംഭവം മൂടി വച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നതോടെ പൊലീസില്‍ പരാതി. സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതി വിഷയം ലഘൂകരിച്ചുള്ളതാണെന്നും ആക്ഷേപം.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ എന്‍.ആര്‍.ഇ.ജി ഓഫീസില്‍ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം കല്ലേലി ലോക്കല്‍ കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി യൂണിയന്‍ നേതാവുമായ കല്ലേലിത്തോട്ടം അഞ്ചാം വാര്‍ഡ് അംഗം സിന്ധു സന്തോഷാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ എന്‍.ആര്‍.ജി ഓഫീസിലെത്തി അതിക്രമം കാട്ടിയത്.

ഓഫീസിലെ ജീവനക്കാരുമായി വാക്കേറ്റത്തെ തുടര്‍ന്ന് ഫയലുകളും കസേരകളും വലിച്ചെറിയുകയും കമ്പ്യൂട്ടര്‍ തള്ളിയിടുകയും നാശനഷ്ടം വരുത്തുകയുമായിരുന്നുവത്രേ. വിവരം പുറത്തറിയാതിരിക്കാനുള്ള ശ്രമം നടന്നു. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ അംഗം ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസില്‍ എത്തുകയും സെക്രട്ടറിയെ അടക്കം നിര്‍ബന്ധിച്ച ശേഷമാണ് അതിക്രമം നടന്ന എന്‍.ആര്‍.ജിയുടെ ഓഫീസ് തുറന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ വിവരം പറുംലോകം അറിഞ്ഞു. പോലീസില്‍ പരാതി നല്‍കാതിരുന്ന
സെക്രട്ടറിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിന്ധു രണ്ടാം തവണയാണ് കല്ലേലിത്തോട്ടം വാര്‍ഡില്‍ നിന്നും വിജയിക്കുന്നത്. വനിതാ സംവരണമായ പഞ്ചായത്തില്‍ സിന്ധു പ്രസിഡന്റാകുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ഇതിനു പ്രോത്സാഹനവും നല്‍കി. എന്നാല്‍, സംസ്ഥാനത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി സി.പി.എമ്മിലെ രേഷ്മ മറിയം റോയി വിജയിച്ചു വന്നതോടെയാണ് ചിത്രം മാറി. പാര്‍ട്ടി നേതൃത്വം രേഷ്മയെ പ്രസിഡന്റാക്കി.

രണ്ടര വര്‍ഷം വീതം രേഷ്മയ്ക്കും സിന്ധുവിനും അവസരം നല്‍കുമെന്ന പ്രതീക്ഷയും നടക്കാതെ വന്നതോടെ സിന്ധു പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിനൊപ്പം നിന്നു. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടന്ന അതിക്രമമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു. സിന്ധുവിനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും. തനിക്ക് രക്തസമ്മര്‍ദ്ദം വര്‍ധിച്ചതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് സിന്ധു പറയുന്നത്. വിഷയം വിവാദമായതോടെ
പഞ്ചായത്ത് സെക്രട്ടറി കോന്നി പോലീസില്‍ പരാതി നല്‍കി.

എന്നാല്‍, ഓഫീസ് അടിച്ചു തകര്‍ത്തുവെന്ന വിവരം മറച്ചു വച്ച് ലഘൂകരിച്ച പരാതിയാണ് പോലീസിന് നല്‍കിയത് എന്നാണ് സൂചന. ഇതില്‍ ജീവനക്കാരോട് തട്ടിക്കയറിയെന്ന് മാത്രമാണത്രേ പറയുന്നത്. പൊതുമുതല്‍ നശീകരണത്തിന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്തരമൊരു പരാതിയെന്നാണ് പറയുന്നത്. തങ്ങള്‍ക്ക് പലപ്പോഴും അനുകൂല നിലപാട് എടുക്കുന്ന സിന്ധുവിന്റെ കാര്യമായതിനാല്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കാനും സാധ്യത കുറവാണ്.

പഞ്ചായത്ത് ഓഫീസില്‍ നടന്ന സി.പി.എം അംഗത്തിന്റെ അതിക്രമത്തില്‍ യു. ഡി. എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രതിഷേധിച്ചു. തൊഴിലുറപ്പു പദ്ധതി ഓഫീസിലെ കസേരകളും ഫയലുകളും കമ്പ്യൂട്ടറുകളുമാണ് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും സി.പി.എം പഞ്ചായത്ത് അംഗവും ആയ സിന്ധു അടിച്ചു തകര്‍ത്തത്. പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനത്തിന് വിരുദ്ധമായി സി പി. എം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മസ്റ്റര്‍ റോള്‍ അടിച്ചു നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. സി.പി.എം നേതൃത്വത്തിന്റ പിന്‍സീറ്റ് ഭരണംകാരണം ഗ്രാമ പഞ്ചായത്തില്‍ അഴിമതിയും കെടുകാര്യ സ്ഥതയും ആണ് നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി സി.പി.എം ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിനാലാണ് യു.ഡി. എഫ് അംഗങ്ങളുടെ പ്രതിഷേധം ഉണ്ടാകുന്നതു വരെ പരാതി നല്‍കാന്‍ തയാറാകാതിരുന്നത്. പഞ്ചായത്ത് നിയമപരമായി നടപടി സ്വീകരിച്ചില്ലങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്നും, സി.പി.എം പിന്‍സീറ്റ് ഭരണം അവസാനിപ്പിക്കണമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ജി. ശ്രീകുമാര്‍, ടി.ഡി.സന്തോഷ്, മിനി ഇടുക്കുള, അമ്പിളിസുരേഷ്, സ്മിത സന്തോഷ്, ബാബു. എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …