തിരുവല്ല: ഓതറ പുതുക്കുളങ്ങരയില്‍ നടന്ന വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. മാര്‍ച്ച് 29 ന് മണ്ണുകടത്തു സംഘങ്ങള്‍ മാരാകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിലെ പ്രതിയായ പഴയകാവ് തലപ്പാല അഖിലേഷ് സുകുമാര(ശംഭു 33) നെയാണ് മാവേലിക്കരയിലെ ബന്ധു വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ സംഭവത്തില്‍ മൂന്നു പേര്‍ക്കു കുത്തേറ്റിരുന്നു.
അഞ്ചു പ്രതികളുള്ള കേസില്‍ അഖിലേഷിന്റെ സഹോദരന് ദിലു ഉള്‍പ്പെടെ നാലു പേര് മുമ്പ് അറസ്റ്റിലായിരുന്നു. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലം പുനലൂരിലെ ഏലൂരിലുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ വനത്തിലേക്ക് ഓടി രക്ഷപെട്ടു.
പൊലീസ് സംഘം രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇയാളെ പിന്തുടര്‍ന്ന പൊലീസിന് പ്രതി മാവേലിക്കരയില്‍ എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാവേലിക്കര ഓലകെട്ടിയമ്പലം റോഡില്‍ വച്ച് പൊലീസിന്റെ കൈയില്‍ അകപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ
കഴിഞ്ഞതിനാലാണ് ഇയാളെ പിടികൂടാന്‍ താമസിച്ചതെന്ന് പൊലീസ് പറഞ്ഞു. സിഐ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഒ മനോജ് കുമാര്‍, അഖിലേഷ്, ഉദയശങ്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.