തിരുവല്ല: ബിവറേജസ് കോര്പ്പറേഷന് ഔട്ടലെറ്റ് കുത്തിത്തുറന്ന് മുന്തിയ മദ്യം മോഷ്ടിച്ച കേസില്‍ രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കമലാഗച്ച് വില്ലേജില്‍ ഷംസുജഹ (32), വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ജാനകിഗച്ച് വില്ലേജില്‍ മുക്താര്‍ ഉള്‍ഹഖ് (32) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഏപ്രില്‍ 29 ന് വള്ളംകുളം പാടത്തുംപാലത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റാണ് കുത്തി തുറന്ന് മോഷണം നടത്തിയത്.
ഷട്ടറിന്റെ താഴു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ പണം സൂക്ഷിക്കുന്ന ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വില കൂടിയ മദ്യക്കുപ്പികളുമായി കടന്നു കളയുകയായിരുന്നു. ഔട്ട്ലെറ്റിന് ഉള്ളിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാലടിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ കഴിഞ്ഞ ദിവസം കാലടി പോലീസിന്റെ പിടിയിലായിരുന്നു.
അവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വള്ളംകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിലും മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചത്. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ തിരുവല്ല പോലീസ് ആലുവ സബ് ജയിലില്‍ നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറിമാറി താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.