
നൂറനാട്: സ്വന്തം പേരില്‍ അശ്ലീല കത്ത് എഴുതി അയയ്ക്കുകയും അത് ചെയ്തത് അയല്‍ക്കാരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അയല്‍ക്കാരനെ കള്ളക്കേസില്‍ കുടുക്കാനും നാട്ടുകാര്‍ക്ക് മുന്നില്‍ നാറ്റിക്കാനുമായി സ്വന്തം പേരില്‍ നാട്ടിലെ പ്രമുഖര്‍ക്ക് അശ്ലീല കത്ത് അയയ്ക്കുകയും അത് ചെയ്തത് അയല്‍ക്കാരാണെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തയാളും സഹായികളായ വീട്ടമ്മയും സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ ഏറെ കുഴപ്പിച്ചതാണ്
ആറ് മാസമായി നൂറനാട് പടനിലം പ്രദേശത്തെ വലച്ച അശ്ലീല കത്തിന്റെ രചയിതാക്കളാണ് ഒടുവില്‍ പൊലീസിന്റെ പിടിയിലായത്. ഇതോടെ നാട്ടിലെ പല കുടുംബങ്ങളിലെയും കലഹത്തിനും അന്ത്യമായി. നാട്ടുകാരെയും കുടുംബാംഗങ്ങളെയും തമ്മില്‍ അടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു കത്തിന്റെ ഉള്ളടക്കം. നൂറനാട് നെടുകുളഞ്ഞി ശ്യാം നിവാസില്‍ ശ്യാം (36) ആണ് കത്തിന് പിന്നിലെ യഥാര്‍ഥ വില്ല. ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്ത നെടുകുളഞ്ഞി തിരുവോണം വീട്ടില്‍ ജലജ (44), ചെറിയനാട് മാമ്പ്ര കാര്‍ത്തിക നിവാസില്‍ രാജേന്ദ്രന്‍ (57) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
സര്‍ എന്റെ പേരില്‍ അയല്‍ വാസി കത്തയയ്ക്കുന്നു: പരാതിയുമായി ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍
ആറു മാസം മുന്‍പ് ഒരു ദിവസം ശ്യാം നൂറനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ മുന്നിലെത്തുന്നു. അയല്‍വാസി പാലമേല്‍ മനോജ് ഭവനത്തില്‍ മനോജിന്റെ കിണറ്റില്‍ ആരോ ഒരു പട്ടിയെ കൊണ്ടിട്ടു. അത് താനാണ് എന്ന് പറ്ഞ്ഞ മനോജ് നാട്ടില്‍ അപവാദ പ്രചരണം നടത്തു. മനോജിന് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതുന്ന സ്വഭാവം ഉണ്ട്. അയാള്‍ക്ക് തന്നോട് വൈരാഗ്യം ഉള്ളതിനാല്‍ തന്റെ പേര് വച്ച് ഇത്തരം കത്ത് അയക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സഹായിക്കണമെന്നാണ് ശ്യാം ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞ് നൂറനാട് പഞ്ചായത്ത് പ്രസിഡന്റ സ്വപ്ന സുരേഷിന് ഒരു കത്ത് ലഭിച്ചു. കവറിന് പുറത്ത് ഉണ്ടായിരുന്ന ഫ്രം അഡ്രസ് ശ്യാം, ശ്യാം നിവാസ് പടനിലം എന്നായിരുന്നു. ശ്യാം പോലീസിനെ സമീപിച്ചു. താന്‍ പറഞ്ഞതു പോലെ തന്നെ തന്റെ പേരില്‍ എഴുതുന്നത് മനോജ് ആണെന്ന് പറയുകയും ചെയ്തു.
ശ്യാം തന്നെ നാട്ടില്‍ പലരോടും മനോജ് ആണ് ഈ കത്ത് എഴുതുന്നതെന്ന് പ്രചരിപ്പിച്ചു. ശ്യാം പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് മനോജിനെ ചോദ്യം ചെയ്തു. കൈയക്ഷരം പരിശോധിച്ചു. പക്ഷേ മനോജോ വീട്ടുകാരോ കത്ത് എഴുതിയതിന്റെ യാതൊരു തെളിവും ലഭിച്ചില്ല. അടുത്ത ആഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയ്ക്കും കിട്ടി ഒരു അശ്ലില കത്ത്. പിന്നാലെ മുന്‍ എം.എല്‍.എ കെ.കെ. ഷാജു, പടനിലം എച്ച്എസ്എസ് മാനേജര്‍ മനോഹരന്‍ എന്നിവര്‍ക്കും കത്തുകള്‍ കിട്ടി. ശ്യാമിന്റെ അയല്‍ക്കാരനായ പാലമേല്‍ ശ്രീനിലയത്തില്‍ ശ്രീകുമാറിനും കിട്ടി ഒരു കത്ത്. എല്ലാ കത്തിലും ഫ്രം അഡ്രസ് ശ്യാമിന്റെ ആയിരുന്നു. ശ്രീകുമാറിന്റെ മൊഴി പ്രകാരം പൊലീസ്
കേസ് രജിസ്റ്റര്‍ ചെയ്തു. ഗൗരവമായ അന്വേഷണം തുടങ്ങി. നിരവധിപേരുടെ കൈയക്ഷരം പരിശോധിച്ചു. ഒന്നും സാമ്യമുള്ളത് ഇല്ലായിരുന്നു.
ഇതിനിടെ പടനിലത്തു താമസിക്കുന്ന മിക്ക സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രായമുള്ള സ്ത്രീകള്‍ക്കും നിരന്തരം കത്തുകള്‍ വരാന്‍ തുടങ്ങി. ഈ കത്തുകള്‍ എല്ലാം തന്നെ അശ്ലീലം നിറഞ്ഞതായിരുന്നു. എല്ലാ കത്തിലും വധഭീഷണിയും ഉണ്ടായിരുന്നു. ഇതെല്ലാം ശ്യാമിന്റെ പേര് വച്ച കത്തുകള്‍ ആയിരുന്നു. പ്രദേശത്തുള്ള മിക്ക സ്ത്രീകള്‍ക്കും കത്ത് വരാന്‍ തുടങ്ങിയതോടു കൂടി നാട്ടിലാകെപരിഭ്രാന്തിയായി. കത്ത് കിട്ടിയ വീടുകളിലെല്ലാം സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടു. ഒടുവില്‍ ശ്യാമിനെ പൊലീസ് സംശയിച്ചു. വ്യക്തമായ തെളിവു രേഖകളോ കിട്ടാതെ
അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കത്ത് കിട്ടിയ വിവരം പുറത്ത് പറയാന്‍ മടി കാണിച്ച പലരും വളരെ വൈകിയാണ് പൊലീസിന് നല്‍കിയത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞയാഴ്ച ശ്യാമിന്റെ ബന്ധുവായ ലതയ്ക്കും കത്ത് ചെന്നു. അത് പോസ്റ്റ് ചെയ്തിരുന്നത് വെണ്‍മണി പോസ്റ്റ് ഓഫീസില്‍ നിന്നായിരുന്നു. പൊലീസ് വെണ്‍മണി പോസ്റ്റ് ഓഫീസില്‍ എത്തി കത്ത് ഇടുന്ന പെട്ടിയും പരിസരവും പരിശോധിച്ചു. കത്ത് ഇടുന്നത് കാണാന്‍ പറ്റുന്ന തരത്തില്‍ ഒരു സിസിടിവി ഉണ്ടായിരുന്നു.
ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഒരു മധ്യവയസ്‌കനെ സംശയകരമായ രീതിയില്‍ കണ്ടു. ഇയാളെപ്പറ്റി അനേ്വഷിച്ചപ്പോള്‍ ചെറിയനാട് മാമ്പ്രയില്‍ താമസിക്കുന്ന വിമുക്തഭടന്‍ രാജേന്ദ്രന്‍ ആണെന്ന് മനസിലായി. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തതയായി. ജലജ പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് രാജേന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. ജലജ അറസ്റ്റിലായപ്പോള്‍ യഥാര്‍ഥ വില്ലന്‍ ശ്യാമാണെന്ന് കുറ്റസമ്മതം നടത്തി. ശ്യാമിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ എല്ലാം ഏറ്റു പറഞ്ഞു. ജലജയുയുടെയും ശ്യാമിന്റെയും വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റും കവറുകളും കണ്ടെടുത്തു. ആദ്യ മൂന്നുമാസം കത്ത് എഴുതിയത് ശ്യാമും ജലജയും ചേര്‍ന്നാണ്.
പൊലീസ് ശ്യാമിനെ സംശയിക്കുന്നുണ്ട് എന്ന് മനസിലാക്കി അടുത്ത മൂന്നുമാസം
കത്ത് എഴുതിയത് രാജേന്ദ്രനാണ്. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതിനിടെ ശ്യാം ഹൈക്കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനും പോയിരുന്നു.
കത്തുകളുടെ എല്ലാം പിന്നില്‍ മനോജ് ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്യാമിന്റെ സഹോദരിയെ കൊണ്ട് ഒരു പരാതി കൊടുപ്പിച്ച് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടുകാര്‍ക്കോ സഹോദരിക്കോ ശ്യാമിന്റെ സ്വഭാവ വൈകൃതത്തെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ശ്യാമിന് അയല്‍ക്കാരും ബന്ധുവുമായ മനോജ്, ശ്രീകുമാര്‍ എന്നിവരോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു മനോജിനോട് വൈരാഗ്യം വരാനുള്ള കാരണം. ശ്യാമിന് കഞ്ചാവ് കച്ചവടം ഉണ്ടോ എന്ന് ചോദിച്ചതാണ് ശ്രീകുമാറിനോട് വൈരാഗ്യം വരാന്‍ കാരണം. രണ്ടുപേരെയും സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കാനും
അവരുടെ കുടുംബത്തെ തകര്‍ക്കാനും വേണ്ടിയാണ് ശ്യാം പദ്ധതി തയാറാക്കിയത്.
തന്റെ പേരില്‍ തന്നെ കത്ത് എഴുതി വിട്ടാല്‍ ഒരിക്കലും സംശയിക്കില്ല എന്നുള്ള ധാരണയാണ് ശ്യാമിന്റെ പേരില്‍ തന്നെ കത്ത് അയയ്ക്കാന്‍ കാരണം. വൈരാഗ്യം ഉള്ള ആളുകളെ ഒഴിവാക്കി പ്രദേശത്തെ പ്രമുഖരായ വ്യക്തികള്‍ക്ക് ആണ് ആദ്യം ശ്യാം കത്ത് എഴുതിയിട്ടുള്ളത്. ഇത് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനും കത്തിന്റെ വിഷയം പൊതുജനശ്രദ്ധയില്‍ വരുത്താനും വേണ്ടിയായിരുന്നു. ഇത് കൂടാതെ അയല്‍പക്കത്തുള്ള വീടുകളില്‍ പട്ടില്‍ പൊതിഞ്ഞ ചെമ്പ് ടെറസില്‍ കൊണ്ട് വയ്ക്കുന്ന സ്വഭാവവും ശ്യാമിന് ഉണ്ടായിരുന്നു. ഒരിക്കലും സംശയിക്കാതെ ഇരിക്കുവാന്‍ സ്വന്തം വീട്ടില്‍ ഉള്ളവര്‍ക്ക് പോലും ശ്യാം ഇത്തരത്തില്‍ കത്തയച്ചിരുന്നു.
പൊലീസ് അനേ്വഷിക്കുന്ന സമയത്ത് മൊബൈലിന്റെ ലൊക്കേഷന്‍ വെച്ച് മനോജിനെ പിടിക്കുവാന്‍ വേണ്ടി അയാള്‍ പോകുന്ന സ്ഥലങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കത്ത് പോസ്റ്റ് ചെയ്യുന്ന അതിബുദ്ധിയും ശ്യാം കാണിച്ചു. ഈ കേസില്‍ മനോജും ശ്രീകുമാറും പിടിക്കപ്പെടണം എന്നാണ് ശ്യാം ആഗ്രഹിച്ചിരുന്നത്.
പ്രതികള്‍ ഇതുവരെ പടനിലം പ്രദേശത്തുള്ള അമ്പതോളം പേര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത്, എസ്.ഐമാരായ നിതീഷ് , സുഭാഷ് ബാബു, എ.എസ്.ഐ രാജേന്ദ്രന്‍, സിപിഓമാരായ ജയേഷ്, സിനു,വിഷ്ണു, പ്രവീണ്‍, രജനി, ബിജു എന്നിവര്‍ അനേ്വഷണ സംഘത്തിലുണ്ടായിരുന്നു.