വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങള്‍ അറുത്തെടുത്തത് 33 വര്‍ഷം മുന്‍പ്: ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ഒളിവില്‍പ്പോയിട്ട് 27 വര്‍ഷം: കള്ളപ്പേരില്‍ വിവാഹവും കഴിച്ച് കുടുംബവുമായി താമസിക്കുന്നിടത്ത് നിന്ന് പൊക്കിയത് മാവേലിക്കര പൊലീസ്: സുകുമാരക്കുറുപ്പിന്റെ വനിത വേര്‍ഷന്‍ റെജി എന്ന അച്ചാമ്മ പിടിയിലാകുമ്പോള്‍: ഇത് കഥയെ വെല്ലുന്ന ജീവിതം

1 second read
Comments Off on വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങള്‍ അറുത്തെടുത്തത് 33 വര്‍ഷം മുന്‍പ്: ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ഒളിവില്‍പ്പോയിട്ട് 27 വര്‍ഷം: കള്ളപ്പേരില്‍ വിവാഹവും കഴിച്ച് കുടുംബവുമായി താമസിക്കുന്നിടത്ത് നിന്ന് പൊക്കിയത് മാവേലിക്കര പൊലീസ്: സുകുമാരക്കുറുപ്പിന്റെ വനിത വേര്‍ഷന്‍ റെജി എന്ന അച്ചാമ്മ പിടിയിലാകുമ്പോള്‍: ഇത് കഥയെ വെല്ലുന്ന ജീവിതം
0

മാവേലിക്കര: ഇതൊരു അവിശ്വസനീയമായ കുറ്റാന്വേഷണ കഥയാണ്. 27 വര്‍ഷം പൊലീസിന്റെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഈ സമൂഹത്തില്‍ തന്നെ കഴിഞ്ഞു പോയ റെജി എന്ന അച്ചാമ്മയുടെ കഥ. സുകുമാരക്കുറുപ്പിന്റെ മാരകമായ സ്ത്രീ വേര്‍ഷന്‍ എന്ന് പറഞ്ഞാലും തെറ്റില്ല. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ഒളിവില്‍പ്പോവുകയും മറ്റൊരു പേരില്‍ വിവാഹം കഴിച്ച് സ്വസ്ഥമായി കുടുംബ ജീവിതം നയിച്ചു വരികയും ചെയ്തിരുന്ന കുറ്റവാളി പിടിയിലായപ്പോള്‍ ഞെട്ടിയത് സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു. കേരളാ പൊലീസിന്റെ തൊപ്പിയില്‍ അന്തസിന്റെ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയതാകട്ടെ മാവേലിക്കര പൊലീസും.

വര്‍ഷം 1990 ഫെബ്രുവരി 21.
അന്നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) അതിക്രൂരമായി കൊല്ലപ്പെടുന്നത്. വീടിന്റെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. കൈകളിലും പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളര്‍ത്തിയ അറുന്നൂറ്റിമംഗലം ബിജു ഭവന(പുത്തന്‍വേലില്‍ ഹൗസ് )ത്തില്‍ തങ്കച്ചന്റെ മകള്‍ റെജി എന്ന അച്ചാമ്മയായിരുന്നു കൊലപാതകം നടത്തി. ആദ്യം ആരും റെജിയെ സംശയിച്ചിരുന്നില്ല. തുടര്‍ന്നുള്ള അനേ്വഷണത്തില്‍ റെജി അറസ്റ്റിലായി.

1993-ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11 ന് ഹൈക്കോടതി റെജിയെ ജീവപര്യന്തം ശിക്ഷിച്ച് ഉത്തരവിട്ടു. അതിന് ശേഷമാണ് കഥ തുടങ്ങുന്നത്. വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോയി. അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താന്‍ പോലീസ് തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര എന്നിവിടങ്ങളിലും കേരളത്തിനകത്തും അനേ്വഷണം നടത്തി. ഒരു തുമ്പും കിട്ടിയില്ല. പതുകെ പതുക്കെ റെജി മറ്റൊരു സുകുമാരക്കുറുപ്പ് ആയി മാറുകയായിരുന്നു. മാവേലിക്കര പോലീസ് തന്നെ രജിസ്റ്റര്‍ ചെയ്ത പ്രമാദമായ ചാക്കോ കൊലക്കേസിലാണ് സുകുമാരക്കുറുപ്പ് ചരിത്രത്തില്‍ കയറിയ പിടികിട്ടാപ്പുള്ളി ആയത് എന്നുള്ളത് മറ്റൊരു വിരോധാഭാസം. അവിടെ നിന്ന് രണ്ടാമതൊരു സുകുമാരക്കുറുപ്പ് കൂടിയാകുമെന്ന് പൊലീസ് പോലും കരുതിപ്പോയി.

കൊലപാതകം നടന്ന് 33 വര്‍ഷവും, ശിക്ഷ വിധിച്ചിട്ട് 27 വര്‍ഷവുമായ കേസില്‍ കുറ്റവാളിയെ പിടികൂടികൂടണമെന്ന് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി- രണ്ട് ജഡ്ജി. കെ.എന്‍. അജിത് കുമാര്‍ വാറണ്ട് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്പി എം. കെ.ബിനുകുമാറിന്റെ നേതൃത്വത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അനേ്വഷണ സംഘം രൂപീകരിച്ചു.

സംഘം കേസ് ഫയല്‍ പരിശോധിച്ചും നാട്ടുകാരോടും ബന്ധുക്കളോടും മറ്റും അനേ്വഷണം തുടങ്ങി. പ്രാഥമിക ഘട്ടത്തില്‍ റെജി മുംബൈയില്‍ ഉണ്ടെന്നും തമിഴ്‌നാട്ടിലോ ഗുജറാത്തിലോ ആണെന്നും അതല്ല ഏതോ അനാഥാലയത്തില്‍ ആണെന്നും മറ്റും നാട്ടുകാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ബന്ധുക്കളാകട്ടെ റെജി ഒളിവില്‍ പോയ ശേഷം കണ്ടിട്ടില്ലെന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും പറഞ്ഞു. പഴയ പത്ര കട്ടിങ്ങില്‍ നിന്നും കിട്ടിയ ഫോട്ടോയും കേസില്‍ എഴുതപ്പെട്ട അഡ്രസും അല്ലാതെ മറ്റൊരു സൂചനയുമില്ല. പൊലീസ് സംഘം ശരിക്കും ഇരുട്ടില്‍ തപ്പിയ ദിനങ്ങള്‍. ഇതിനിടയില്‍ റെജി കോവിഡ് വന്നു മരിച്ചുവെന്ന് കിംവദന്തി പരന്നു. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി കോവിഡ് വന്നു മരിച്ചവരുടെ വിവരങ്ങള്‍, വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍, ഊരും പേരും ഇല്ലാതെ മരണപ്പെട്ടവരുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഒളിവില്‍ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്താതെ കഴിഞ്ഞു വന്ന റെജിയെ ഹൈക്കോടതി വിധി വന്ന ശേഷം കാണാതായ അവസാന സമയത്ത് എവിടെ ആയിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. റെജി ഒളിവില്‍ പോകുന്നതിന് മുന്‍പ് കോട്ടയം ജില്ലയില്‍ അയ്മനത്തും ചുങ്കത്തും മിനി എന്ന പേരില്‍ വീടുകളില്‍ അടുക്കള പണിയ്ക്കായി നിന്നിരുന്നുവെന്ന് വിവരം ലഭിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം അവിടേക്ക് പോയി എന്ന് കിട്ടിയ ചെറിയ വിവരത്തില്‍ നിന്നും ശാസ്ത്രീയമായും സാങ്കേതികമായുമുള്ള അനേ്വഷണം നടത്തി. ചെന്നു നിന്നത് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിളെ വീടിന് മുന്നില്‍.

മിനി രാജു എന്ന പേരില്‍ റെജി അവിടെ കുടുംബസമേതം താമസിച്ചു വരികയാണ്. 27 വര്‍ഷമായി പോലീസിന് പിടികൊടുക്കാതെയും തന്നിലേക്ക് അനേ്വഷിച്ചു എത്താന്‍ ഒരു സാഹചര്യവും ഉണ്ടാക്കാതെയും മറ്റൊരു പേരില്‍, ആര്‍ക്കും താന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നു സംശയം തോന്നാന്‍ ഇട വരുത്താതെയും ഒളിവില്‍ കഴിയുകയായിരുന്നു. പക്ഷേ, അവര്‍ നയിച്ചിരുന്നത് സാധാരണ ജീവിതമായിരുന്നു. അന്വേഷിച്ചു ചെന്ന പൊലീസ് സംഘം സംശയം കൂടാതെ ഇവരെ കസ്റ്റഡിയില്‍ എടുത്തു.

1996 ല്‍ ഹൈക്കോടതി വിധി വന്നശേഷം ഒളിവില്‍ പോയ റെജി കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്ത് വരികയായിരുന്നു. ആ കാലയളവില്‍ തമിഴ്‌നാട് തക്കല സ്വദേശിയുമായി പരിചയത്തിലായി. 1999 ല്‍ ഇവര്‍ വിവാഹിതരായി. .കുറച്ചുനാള്‍ തക്കലയില്‍ കഴിഞ്ഞു. പിന്നീട് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് വന്നു മിനി രാജു എന്ന പേരില്‍ കുടുംബസമേതം താമസമാക്കി. അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. ശ്രീജിത്ത്, എസ്. ഐ. പ്രഹ്‌ളാദന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു മുഹമ്മദ്, സുഭാഷ്, സജുമോള്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌കര്‍, സി. പി. ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…