ളാഹ(പത്തനംതിട്ട): വന്യമൃഗങ്ങളെ ഭയന്ന് 30 അടി ഉയരത്തില്‍ മരത്തിന് മുകളില്‍ ഏറുമാടം തീര്‍ത്ത് അന്തിയുറങ്ങിയിരുന്ന പൊന്നമ്മയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. പേര് രാജലക്ഷ്മി. ശബരിമല പാതയില്‍ ളാഹ മഞ്ഞത്തോടില്‍ രാജേന്ദ്രനും ഭാര്യ പൊന്നമ്മയും രണ്ട് മക്കളുമാണ് ജീവന്‍ ഭയന്ന് മരത്തിന് മുകളില്‍ കഴിഞ്ഞത്. മരക്കൊമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച സ്റ്റെപ്പിലൂടെയാണ് മുകളില്‍ എത്തിയിരുന്നത്. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട
ജില്ല കലക്ടര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടു.
മൂന്ന് മാസം ഇവര്‍ ഏറുമാടത്തില്‍ മുകളില്‍ ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയാണ് കഴിഞ്ഞത്. മഴ പലപ്പോഴും വില്ലനായിരുന്നു. മഴ കഴിഞ്ഞ ശേഷം രാത്രിയില്‍ നനഞ്ഞു കിടക്കുന്ന പടികളിലൂടെ മുകളില്‍ കയറുന്നത് ഏഴ് മാസം ഗര്‍ഭിണിയായ പൊന്നമ്മയ്ക്ക് ഏറെ വിഷമമായിരുന്നു. കാല്‍ ഒന്നിടറിയാല്‍ അപകടത്തില്‍പ്പെടുന്ന അവസ്ഥ. എട്ടും മൂന്നും വയസുള്ള രണ്ട് ആണ്‍മക്കളുമുണ്ട് ഇവര്‍ക്ക്. ഇവരെ സംരക്ഷിക്കുന്നതിനായി രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്നു രാജേന്ദ്രന്‍.
ശബരിമല ഉള്‍വനത്തിനുള്ളില്‍ കഴിഞ്ഞ രാജേന്ദ്രനെയും കുടുംബത്തെയും സര്‍ക്കാരാണ് ഒരു വര്‍ഷം മുന്‍പ് മഞ്ഞത്തോട് രാജാമ്പാറയില്‍ എത്തിച്ചത്. റോഡരികിലെ വനത്തില്‍ ഇവര്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. വന വിഭവങ്ങള്‍ ശേഖരിച്ചിരുന്ന രാജേന്ദ്രന്റെ അവസ്ഥ ഇങ്ങനെയായതോടെ വരുമാനവും നിലച്ചു. അടച്ചുറപ്പുള്ള ഒരു ഷെഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. വനഭൂമിയില്‍ നാല് വശത്തും മരകമ്പുകള്‍ നാട്ടി അതില്‍ ചെറിയ ടാര്‍പ്പ വലിച്ചു കെട്ടിയതായിരുന്നു ഇവരുടെ വീട്. മണ്ണില്‍ പായ വിരിച്ച് കിടക്കുന്നതിനുള്ള സൗകര്യം മാത്രം. ആനയുടെ സഞ്ചാരമുള്ള മേഖലയായിരുന്നു ഇവിടം. കൂടാതെ പലപ്പോഴും പുലിയുടെ സാന്നിധ്യവും കണ്ടു. ഇതോടെയാണ് രാത്രിയില്‍ അന്തിയുറങ്ങാന്‍ മരത്തിന് മുകളില്‍ ഏറുമാടം പണിയുന്നത്.
ഇവരുടെ ദുരിതാവസ്ഥ പുറത്തു വന്നതോടെ സഹായഹസ്തവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. മന്ത്രി വീണ ജോര്‍ജ് അടിയന്തിര ചികിത്സ സഹായം ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കി. ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ജില്ല ട്രൈബല്‍ ഓഫീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ചികിത്സയും സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നാട്ടിലെ ചില സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഷെഡ് നിര്‍മ്മാണം ആരംഭിച്ചു. മുളയും ടിന്‍ ഷീറ്റും ഉപയോഗിച്ച് താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചു നല്‍കി. തിരുവല്ല കേന്ദ്രീകരിച്ചുളള ആഷര്‍ എന്ന സന്നദ്ധ സംഘടനയാണ് ഷെഡ് നിര്‍മ്മിക്കുന്നതിന് സഹായിച്ചത്. ആദിവാസി ഐക്യവേദി ഭാരവാഹി ഉത്തമന്‍ മഞ്ഞത്തോടിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രാജേന്ദ്രനും കുടുംബവും താമസം തുടങ്ങി.
പിന്നീട് ജില്ലാ ജഡ്ജ്, മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലെത്തി കഴിഞ്ഞ ആഴ്ച്ചയാണ് പൊന്നമ്മയെ പത്തനംതിട്ട ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്. അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവതി കഴിഞ്ഞ ദിവസം പ്രസവിച്ചു. സുഖപ്രസവമായിരുന്നു. നാളെ ആശുപത്രിയില്‍ നിന്നും മടങ്ങും. തങ്ങളെ സഹായിച്ച എല്ലാവര്‍ക്കും രാജേന്ദ്രനും ഭാര്യ പൊന്നമ്മയും നന്ദി അറിയിച്ചു.