കോഴഞ്ചേരി: കാണിക്ക വഞ്ചി മോഷണം പതിവാക്കിയ മോഷ്ടാവ് നീരേറ്റുപുറം കാരിക്കുഴി വാഴയില്‍ വീട്ടില്‍ വാവച്ചന്‍ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി(52)യെ റിമാന്‍ഡ് ചെയ്തു. ചോറ്റാനിക്കരയിലെ ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് പണവും മറ്റ് വസ്തുക്കളും ചാക്കിലാക്കി വരുന്നതിനിടെ പോലീസിനെ കണ്ട് ആറ്റില്‍ച്ചാടിയ മാത്തുക്കുട്ടിയെ വെള്ളിയാഴ്ച രാവിലെയാണ് കോഴഞ്ചേരി വണ്ടിപ്പേട്ടയ്ക്ക് സമീപം പമ്പയാറ്റില്‍ നിന്ന് ആറന്മുള പോലീസ് പിടികൂടിയത്.
ചോറ്റാനിക്കര കുരിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ചാണ് പണം മോഷ്ടിച്ചത്. സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് രാജിന് ഒരു ലോട്ടറി കച്ചവടക്കാരന നല്‍കിയ വിവരമാണ് മാത്തുക്കുട്ടിയുടെ അറസ്റ്റില്‍ കലാശിച്ചത്. പ്ലാസ്റ്റിക് ചാക്കില്‍ പണവുമായി ഒരാള്‍ സ്വകാര്യ ബസില്‍ കയറിപ്പോയെന്നാണ് ലോട്ടറി വില്‍പ്പനക്കാരന്‍ നല്‍കിയ വിവരം. സംശയം തോന്നി അയാള്‍ എടുത്ത ഫോട്ടോയും സജിത്ത് രാജിന് കൈമാറി. ബസുകാരുമായി സജിത്ത് ബന്ധപ്പെട്ടപ്പോള്‍ പ്രതി തോട്ടഭാഗത്ത് ഇറങ്ങിയതായി അറിഞ്ഞു.
അന്വേഷിച്ചപ്പോള്‍ പ്ലാസ്റ്റിക് ചാക്കുമായി തോട്ടഭാഗത്ത് വെയിറ്റിങ് ഷെഡില്‍ നില്‍ക്കുന്നുവെന്ന് വിവരം കിട്ടി. ഇക്കാര്യം തിരുവല്ല ഡിവൈ.എസ്.പി എസ്. അര്‍ഷദിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം, തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ മോഷ്ടാവ് സ്വകാര്യബസില്‍ തിരുവല്ലയ്ക്ക് പോയതായി അറിഞ്ഞ് സജിത്ത് രാജ് ബൈക്കില്‍ പിന്തുടര്‍ന്നു.
തിരുവല്ലയില്‍ ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പോലീസ് സംഘം പരിശോധിച്ചപ്പോള്‍ മാത്തുക്കുട്ടി മനയ്ക്കച്ചിറ ജങ്ഷനില്‍ ഇറങ്ങി എന്ന് വ്യക്തമായി. ലോക്കല്‍ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ സജിത്ത് രാജും കള്ളനെ കണ്ടെത്താനുള്ള ശ്രമത്തില്‍ പങ്കാളിയായി. മനയ്ക്കച്ചിറയില്‍ നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ അവിടെ നിന്ന് ഓട്ടോ പിടിച്ച് കോഴഞ്ചേരി ജങ്ഷനില്‍ ഇറങ്ങിയതായി അറിഞ്ഞു. വിവരം ഡിവൈ.എസ്.പി ആറന്‍മുള പോലീസ് സ്‌റ്റേഷന് കൈമാറി. തുടര്‍ന്ന് ആറന്മുള പോലീസ് നടത്തിയ ചടുലവും തന്ത്രപരവുമായ നീക്കത്തിലാണ് മോഷ്ടാവ് വലയില്‍ കുടുങ്ങിയത്. കോഴഞ്ചേരിയിലെ ചലഞ്ച് ഫുട്‌വിയേഴ്‌സില്‍ നിന്നും വാങ്ങിയ കറുത്ത ബാഗിലേക്ക് ചന്തക്കടവ് റോഡില്‍ നിന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി മാറ്റുന്ന സമയത്താണ് ആറന്മുള പോലീസ് വളഞ്ഞത്. അപകടം മനസിലാക്കിയ മോഷ്ടാവ് ചാക്ക് ഉപേക്ഷിച്ച ശേഷം പമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി.
ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മറുകരയെത്തി കള്ളനെ കീഴ്‌പ്പെടുത്തിയതോടെ ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ നിമിഷങ്ങള്‍ക്ക് സമാപ്തിയായി. വെള്ളിയാഴ്ച വൈകിട്ട് തന്നെ ചോറ്റാനിക്കര കുരിക്കാട് ക്ഷേത്രത്തിലെ വഞ്ചി പൊളിച്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാള്‍ വഞ്ചിപൊളിച്ചത്. അവിടുത്തെ ദേവസ്വം ഓഫീസറുടെ മൊഴിവാങ്ങി ചോറ്റാനിക്കര പോലീസ് കേസ് എടുത്തിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍, കമ്പിപ്പാര തിരുവല്ല റെയില്‍വേ സേ്റ്റഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ആറന്മുള പോലീസ് കണ്ടെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.