പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിച്ച് അപമാനിച്ചുവെന്ന കേസില്‍ പ്രതിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഫ്ഖാനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇയാള്‍ ഇന്ന് വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളള പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍
കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പീഡനത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇയാളെ സസ്പെന്‍ഡ് ചെയതിരുന്നു.
ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം. പോലീസ് സ്റ്റേഷന്നിലെ താല്‍ക്കാലിക ജീവനക്കാരിയെ സ്റ്റേഷന്റെ അടുക്കളയില്‍ വച്ച് സജീഫ് ഖാന് കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാതെ പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്.പി യുവതിയെ കൗണ്‍സിലിങ്ങിന് വിട്ടു. തുടര്‍ന്നാണ് യുവതി നടന്ന സംഭവങ്ങള്‍ പറഞ്ഞത്.
ഇതിന് പിന്നാലെ യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നിര്‍ദേശ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി, ഡിവൈ.എസ്പിമാരെ ചുമതലപ്പെടുത്തുകയായിരുന്നു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്.