പുല്ലാട് രമാദേവി കൊലക്കേസ്: പ്രതി ജനാര്‍ദനന്‍ നായര്‍ക്ക് അനുകൂലമായി രമാദേവിയുടെ സഹോദരങ്ങള്‍: കൊല നടത്തിയത് തമിഴന്‍ ചുടലമുത്തുവെന്ന്

0 second read
Comments Off on പുല്ലാട് രമാദേവി കൊലക്കേസ്: പ്രതി ജനാര്‍ദനന്‍ നായര്‍ക്ക് അനുകൂലമായി രമാദേവിയുടെ സഹോദരങ്ങള്‍: കൊല നടത്തിയത് തമിഴന്‍ ചുടലമുത്തുവെന്ന്
0

തിരുവല്ല: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ അറസ്റ്റിലായതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രമാദേവിയുടെ സഹോദരങ്ങള്‍. ജനാര്‍ദനന്‍ നായര്‍ നിരപരാധിയാണെന്നും തമിഴന്‍ ചുടലമുത്തുവാണ് യഥാര്‍ഥ പ്രതിയെന്നും സംശയരോഗം അടക്കം ക്രൈംബ്രാഞ്ച് പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറയുന്നു. ബന്ധുക്കളുടെ പ്രചാരണം വികാരപരമാണെന്നും കോടതി എല്ലാം തീരുമാനിക്കട്ടെ എന്നുമുള്ള നിലപാടിലാണ് അന്വേഷണ സംഘം.

യഥാര്‍ഥ പ്രതി കെട്ടിട നിര്‍മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ചുടലമുത്തുവാണെന്ന് ഇന്നലെ രമാദേവിയുടെ സഹോദരങ്ങളായ ഉണ്ണികൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അറസ്റ്റ് വ്യാജതെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം ജനാര്‍ദ്ദനന്‍ നായരിലേക്ക് എത്തിച്ച മുടിയിഴകളുടെ ആധികാരികതയിലും രമാദേവിയുടെ സഹോദരന്മാര്‍ സംശയം പ്രകടിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാനും എല്ലാം ഒപ്പമുണ്ടായിരുന്ന തങ്ങള്‍ അന്ന് ഈ മുടിയിഴകള്‍ കണ്ടില്ലെന്ന് അവര്‍  പറയുന്നു. ക്രൈംബ്രാഞ്ച്  പറയുന്ന സംശയ രോഗമാണ് കൊലപാതക കാരണമെന്ന  വിശദീകരണവും തെറ്റാണ്. വളരെ സ്‌നേഹത്തോടെയാണ് ഇരുവരും ജീവിച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ കളവാണ്.

പൊലീസ് നായ ജനാര്‍ദനന്‍ നായരെ തിരിഞ്ഞു നോക്കിയില്ല, ചുടലമുത്തുവിന്റെ സാധനങ്ങള്‍ എവിടെ നിന്ന് വന്നു?

ജനാര്‍ദനന്‍ നായര്‍ നിരപരാധിയാണെന്ന് യുക്തിസഹമായ കാരണങ്ങള്‍ നിരത്തിയാണ് രമാദേവിയുടെ സഹോദരങ്ങള്‍ പറയുന്നത്. പ്രാഥമിക അന്വേഷണം നടക്കുമ്പോള്‍ പൊലീസ് നായ എത്തി. ജനാര്‍ദനന്‍ നായര്‍ അവിടെ നിന്നിട്ടും അദ്ദേഹത്തിന്റെ അടുത്തേക്ക് നായ എത്തിയില്ല. ശരിക്കുമുള്ള കൊലപാതകി അദ്ദേഹമായിരുന്നുവെങ്കില്‍ നായ സൂചന നല്‍കേണ്ടിയിരുന്നതല്ലേ? മറ്റൊരു പ്രധാന തെളിവായിരുന്നു സംഭവ സ്ഥലത്ത് കണ്ടെത്തിയ ചുടല മുത്തുവിന്റെ സാധന സാമഗ്രികള്‍. സഞ്ചി, ഒരു ചെരുപ്പ്, വാച്ച് എന്നിവയാണ് ചുടലയുടേതായി അവിടെ നിന്ന് കണ്ടെത്തിയത്. ഇക്കാരണങ്ങള്‍ ഒക്കെയാണ് ചുടലയെ സംശയിക്കുന്നതിലേക്ക് എത്തിച്ചത്.  17 വര്‍ഷത്തിന് ശേഷവും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതും സംശയത്തിനിട നല്‍കുന്നു. കൊല നടന്ന ദിവസം ജനാര്‍ദ്ദനന്‍ നായര്‍ മുഴുവന്‍ സമയവും ചെങ്ങന്നൂര്‍ പോസ്റ്റ് ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നുവെന്ന അന്നത്തെ സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നുവെന്ന് രമാദേവിയുടെ സഹോദന്‍ പറഞ്ഞു.

ചുടലയുടെ സാധന സാമഗ്രികള്‍ ഒരു തെളിവ്  തന്നെയാണെന്ന കാര്യം അന്വേഷണം സംഘം നിഷേധിച്ചിട്ടില്ല. അയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയം ദൂരീകരിക്കാന്‍ ചുടലമുത്തുവിനെ കണ്ടെത്തേണ്ടത് ആവശ്യം തന്നെയാണ്. ഇതിനായി രാജ്യമൊട്ടാകെ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് ചുടലമുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അയാള്‍ എവിടെയെന്ന് തനിക്കറിയില്ല. അന്ന് തന്നെ എവിടേക്കോ പോയി. പിന്നെ കണ്ടിട്ടില്ല എന്നായിരുന്നു അവരുടെ മൊഴി. അതോടെ അന്വേഷണ സംഘം ഇരുട്ടിലായി. ചുടലമുത്തുവിനെ കിട്ടാതെ വന്നപ്പോള്‍ തങ്ങളുടെ മാനം കാക്കാന്‍ വേണ്ടി ക്രൈംബ്രാഞ്ച് ജനാര്‍ദനന്‍ നായരെ പ്രതികളാക്കിയെന്നാണ് വാദം. ഇവര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…