പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഏഴു ലക്ഷത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു: രണ്ടംഗ മോഷണസംഘം തിരുവല്ലയില്‍ പിടിയില്‍

0 second read
Comments Off on പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഏഴു ലക്ഷത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു: രണ്ടംഗ മോഷണസംഘം തിരുവല്ലയില്‍ പിടിയില്‍
0

തിരുവല്ല: പകല്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍ത്താമസമില്ലാത്ത വീടുകള്‍ നോക്കി വച്ച് രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയില്‍. കുറ്റൂരിലെ വീട്ടില്‍ നിന്ന് ഏഴു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ തുകലശേരി പൂമംഗലത്ത് ശരത്ത് (38), ഇരവിപേരൂര്‍ സ്വര്‍ണമല വീട്ടില്‍ അനൂപ് (41) എന്നിവരാണ് പിടിയിലായത്.

ജൂണ്‍ 21 ന് കുറ്റൂര്‍ പാണ്ടിശേരില്‍ ജോര്‍ജ് ഐസക്കിന്റെ വീട്ടില്‍ നിന്നും റാഡോ വാച്ചുകളും ഡയമണ്ട് നെക്‌ലേസും അടക്കം ഏഴു ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികള്‍ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ജോര്‍ജ് ഐസക്കും കുടുംബവും വീട് അടച്ചിട്ട ശേഷം ബന്ധു വീട്ടില്‍ പോയിരിക്കുകയായിരുന്നു. വാതില്‍ കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ ഒരു ലക്ഷം രൂപ വീതം വില വരുന്ന മൂന്ന് റാഡോ വാച്ചുകള്‍, അറുപതിനായിരവും മുപ്പത്തയ്യായിരവും രൂപ വീതം വില വരുന്ന രണ്ട് വാച്ചുകളും ഡയമണ്ട് നെക്ലസ്, രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ഡിഎസ്എല്‍ആര്‍ കാമറ എന്നിവയാണ് കൊണ്ടു പോയത്.

25 ന് ഈ വീടിന് സമീപം അടച്ചിട്ടിരുന്ന മറ്റൊരു വീട്ടില്‍ പ്രതികള്‍ മോഷണത്തിനായി എത്തി. വിദേശത്തായിരുന്ന വീട്ടുടമ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ കണ്ടു. ഇത് മനസിലാക്കിയ ഇരുവരും മോഷണശ്രമം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശരത്തിനെ കാഞ്ഞിരപ്പള്ളി പാലപ്രയിലെ കാമുകിയുടെ വീട്ടിലും അനൂപിനെ തേനി ചിന്നമന്നൂരിലെ ലോഡ്ജിലും നിന്നുമാണ് പിടികൂടിയത്.

പകല്‍ സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍ താമസം ഇല്ലാത്ത വീടുകള്‍ നോക്കി വച്ചശേഷം രാത്രി എത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. മോഷ്ടിച്ച് കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനായി ചെലവഴിച്ചിരുന്നു. നിരവധി പൊലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തിരുവല്ലയില്‍ അടക്കം നടന്ന പല മോഷണങ്ങള്‍ക്കും തുമ്പ് ലഭിക്കും എന്നാണ് കരുതുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍ പറഞ്ഞു.

ഡിവൈ.എസ്.പി എസ്. അഷാദിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ നിത്യ സത്യന്‍, സീനിയര്‍ സിപിഓമാരായ പി. ഉദയ ശങ്കര്‍ , പി. അഖിലേഷ് , എം.എസ് മനോജ്, സിപിഒ അവിനാശ് വിനായകന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…