
പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കൊരു അപരനെ അമേരിക്കയില്‍ കണ്ടെത്തിയത് വലിയൊരു വാര്‍ത്തയായിരുന്നു. എന്നാല്‍, അതിനൊക്കെ മുന്‍പ് അദ്ദേഹത്തിന് ഒരു അപരന് ഇവിടെയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയോടുള്ള ആരാധന നെഞ്ചേറ്റി നടന്ന കോണ്‍ഗ്രസ് നേതാവും മൈലപ്ര സ്വദേശിയുമായ ഗീവര്‍ഗീസ് തറയില്‍. ഒറ്റ നോട്ടത്തില്‍, ഏതൊക്കെയോ വഴിക്ക് ഗീവര്‍ഗീസിന് ഉമ്മന്‍ ചാണ്ടിയുമായി രൂപസാദൃശ്യമുണ്ടായിരുന്നു. സേവാദള്‍ പ്രവര്‍ത്തകനായിരുന്നതിനാല്‍ മുഴുവന്‍ സമയവും ഖദറും ധരിച്ച് അനുസരണയില്ലാത്ത മുടിയുമായി നടന്ന ഗീവര്‍ഗീസിനെ നോക്കി പലരും പറഞ്ഞു-തനിക്ക് ഉമ്മന്‍ ചാണ്ടിയുടെ സാമ്യമുണ്ട്.
അതൊക്കെ ചിരിച്ചു തളളി നടന്ന ഗീവര്‍ഗീസിനെ നോക്കി ഒടുക്കം സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി തന്നെ ചോദിച്ചു: ഇതാര് എന്റെ ഡ്യൂപ്പോ?
തങ്ങളുടെ ഈ സാമ്യം ഒരു പത്രത്തില്‍ വാര്‍ത്തയായി വന്നു. അത് ശ്രദ്ധയില്‍പ്പെട്ട ഉമ്മന്‍ ചാണ്ടി നേരിട്ടു വിളിച്ചുവെന്ന് ഗീവര്‍ഗീസ് പറയുന്നു. താന്‍ എന്റെ അപരനോ അതോ ഞാന്‍ തന്റെ അപരനോ എന്നാണ് അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചത്. എന്തായാലും തകര്‍ത്തിട്ടുണ്ട് കണ്‍ഗ്രാറ്റ്സ് എന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പിന്നീട് മൈലപ്രയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് അദ്ദേഹം വരുമ്പോള്‍ വേദിയില്‍ താനാണ് അധ്യക്ഷന്‍. ഉമ്മന്‍ ചാണ്ടി വേദിയിലേക്ക് കയറി വന്ന് എന്നെ കണ്ടതും ചോദിച്ചു എന്റെ ഡ്യൂപ്പാണോ അധ്യക്ഷന്‍? പിന്നെ എവിടെ വച്ചു കണ്ടാലും ഡ്യൂപ്പേ എന്നാണ് വിളിച്ചിരുന്നത്.
ഉമ്മന്‍ ചാണ്ടിയുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. ഓര്‍മശക്തി അത്ഭുതപ്പെടുത്തുന്നതാണ്. ഒരിക്കല്‍ റാന്നിയില്‍ വച്ച് ഒരു ചികില്‍സാ സഹായത്തിന്റെ അപേക്ഷ സംബന്ധിച്ച് അദ്ദേഹവുമായി സംസാരിച്ചു. നേരിട്ട് തിരുവനന്തപുരത്ത് ചെല്ലാന്‍ പറഞ്ഞു. പിന്നീട് റാന്നിയില്‍ നിന്ന് റിങ്കു ചെറിയാനെയും കൂട്ടി അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി. ചുറ്റും ഒരു പുരുഷാരം ഉണ്ട്. എന്നെ കണ്ടതും അദ്ദേഹം റിങ്കുവിനെ പേരെടുത്ത് വിളിച്ചു. അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. എന്റെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മുട്ടില്‍ വച്ച് ഒപ്പിട്ടു. എന്നിട്ട് അടുത്തു നിന്ന പി.എസിന് കൈമാറി. അന്ന് വൈകിട്ട് അവിടെ നിന്ന് താന്‍ മടങ്ങിയത് ചികില്‍സാ സഹായത്തിനുള്ള ചെക്കും വാങ്ങിയാണെന്ന് ഗീവര്‍ഗീസ് പറയുന്നു.
ഉമ്മന്‍ചാണ്ടിയുമായുള്ള രൂപ സാദൃശ്യം ചില കോമഡി താരങ്ങള്‍ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫിഗര്‍ ചെയ്യണമെന്നതായിരുന്നു ആവശ്യം. പക്ഷേ, അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തിലാകും അത് ചെയ്യേണ്ടി വരികയെന്ന് കരുതി അവരുടെ ഓഫര്‍ നിരസിക്കുകയാണുണ്ടായത്.