
തേനി: തമിഴ്നാട്ടില്‍ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എംഎല്‍എയില്‍ നിന്ന് 10,000 രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു രാജസ്ഥാന് സ്വദേശികള്‍ പിടിയില്‍. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. തേനി ജില്ലയിലെ പെരിയകുളം എംഎല്‍എയായ ശരവണകുമാറില് നിന്നാണ് സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്.
രാജസ്ഥാനിലെ ആള്‍വാറിന് സമീപം ഗോവിന്ദ്ഗഡില്‍ നിന്നുമാണ് തമിഴ്നാട് സൈബര്‍ ക്രൈം പൊലീസ് ഇവരെ പിടികൂടിയത്. മുഖ്യ സൂത്രധാരന്‍ അര്‍ഷാദ് ഖാന് (38) ഉള്‍പ്പെടെ മൂന്നു പേരാണ് പിടിയിലായത്. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
എംഎല്‍എയുടെ വാട്സ്ആപ്പ് നമ്പരില്‍ ജൂലൈ ഒന്നിന് രാത്രിയില്‍ വീഡിയോ കോള്‍ എത്തിയത്. മണ്ഡലത്തിലുള്ള ആരോ ആണെന്ന് കരുതി എംഎല്‍എ ഫോണ്‍ എടുത്തു. എന്നാല്‍ മറുവശത്ത് പ്രതികരണമുണ്ടായില്ല.അതിനാല്‍ കോള്‍ കട്ടുചെയ്തു. അല്പസമയത്തിനു ശേഷം എംഎല്‍എയുടെ നമ്പരില്‍ ഒരു വീഡിയോ സന്ദേശം ലഭിച്ചു. വിവസ്ത്രയായി നില്ക്കുന്ന സ്ത്രീയുമായി വീഡിയോ ചാറ്റിങ് നടത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നാലെ ചിലര്‍ എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞു. ഇതോടെ ഭയന്ന ശരവണകുമാര്‍ ഇവര്‍ ആവശ്യപ്പെട്ടതു പ്രകാരം ജൂലൈ മൂന്നിനും എട്ടിനും 5000 രൂപ വീതം തട്ടിപ്പുകാരുടെ ഗൂഗിള്‍ പേ നമ്പരില്‍ ഇട്ടു നല്കി.
ഏതാനും ദിവസത്തിന് ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെ എംഎല്‍എ തേനി ജില്ലാ പോലീസ് സൂപ്രണ്ട് പ്രവീണ്‍ ഉമേഷ് ഡോംഗരെയ്ക്ക്ക്ക് പരാതി നല്‍കുകയായിരുന്നു. എം.എല്‍.എയുടെ പരാതി തേനി സൈബര്‍ ക്രൈം പൊലീസിന് എസ്.പി കൈമാറി.ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പണം കൈമാറിയ ഗൂഗിള്‍ പേ നമ്പര്‍ മേഘാലയയില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ ഒരു ബാങ്കില്‍ നിന്നും അക്കൗണ്ട് എടുത്തതിന് ശേഷമായിരുന്നു തട്ടിപ്പ്. വിശദമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ രാജസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചു.
തേനി സൈബര്‍ ക്രൈം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാജസ്ഥാനിലെത്തി ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തട്ടിപ്പുകാരെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തേനിയില്‍ എത്തിച്ചു. അറസ്റ്റിലായ അര്‍ഷാദ് ഖാന് നേരത്തെ തന്നെ എടിഎം. കാര്‍ഡ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.