
പത്തനംതിട്ട: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി ഹോട്ടലില്‍ നിന്നും ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഏകദേശം അഞ്ചു കിലോ ഗ്രില്‍ഡ് ചിക്കന്‍, ചില്ലി ചിക്കന്‍ എന്നിവ പിടിച്ചെടുത്തു.
കോളജ് റോഡില്‍ ഫെഡറല്‍ ബാങ്കിന് സമീപം രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മിഹേഷ് എന്നയാളുടെ തട്ടുകടക്കായി ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി നാലാം വാര്‍ഡില്‍ ഒരു വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയില്‍ നിന്നും പഴകിയ ഇറച്ചി ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തു. ഒന്‍പത് സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്പന്നങ്ങള്, നിര്‍മാണത്തീയതി രേഖപ്പെടുത്താത്ത കുപ്പികളിലെ ശീതള പാനീയങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്ന് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അറിയിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ വിനോദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപു, സുജിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.