
കോന്നി: ഇതൊരു കിളി പോകുന്ന ബൈക്ക് എക്‌സ്‌ചേഞ്ച് കഥയാണ്. കറുത്ത പള്‍സര്‍ ബൈക്കില്‍ വന്നയാള്‍ ബാങ്കില്‍ പണമടയ്ക്കാന്‍ കയറി മടങ്ങി വന്നപ്പോള്‍ എടുത്തു കൊണ്ടു പോയത് മുന്നിലിരുന്ന മറ്റൊരു കറുത്ത പള്‍സര്‍ ബൈക്ക്. ബൈക്കിന്റെ ഉടമ വന്നപ്പോള്‍ തന്റെ കറുത്ത പള്‍സര്‍ കാണാനില്ല. അദ്ദേഹം നേരെ പൊലീസില്‍ പോയി പരാതി നല്‍കി. അപ്പോഴതാ മോഷണം പോയെന്ന് കരുതിയ ബൈക്കും ഓടിച്ച് ഒരാള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തുന്നു. അയാള്‍ പറയുന്നു ‘സോറി ബൈക്ക് മാറിപ്പോയി. ഞാന്‍ വന്നതും കറുത്ത പള്‍സര്‍ ബൈക്കിലായിരുന്നു. ബാങ്കില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ കണ്ട കറുത്ത ബൈക്കുമായി ഞാനങ്ങു പോയി. മാത്രവുമല്ല, താന്‍ വന്ന ബൈക്ക് തന്റെയല്ല, കൂട്ടുകാരന്റെയാണ്. അബദ്ധം മനസിലാക്കി തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. കേട്ടാല്‍ ആരുടെയും കിളി പോകുന്ന കഥ. ഒടുവില്‍ പൊലീസിനും മനസിലായി സംഭവം അബദ്ധം പറ്റിയത് തന്നെ.
കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറുന്നത്. അരുവാപ്പുലം സനില്‍ ഭവനില്‍ സനല്‍കുമാറിന്റെ കെ.എല്‍. 02 ഇ 4504 കറുത്ത പള്‍സര്‍ ബൈക്കാണ് അല്‍പ്പ സമയത്തേക്കെങ്കിലും കാണാതെ പോയത്. വളരെ പഴകിയ ബൈക്കാണ്. ഏത് കീ ഇട്ടാലും വണ്ടി സ്റ്റാര്‍ട്ടാക്കി ഓടിച്ചു പോകാമെന്ന പ്രത്യേകതയുമുണ്ട്. സനലിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് കൊടുമണ്‍ ഈസ്റ്റ് ചക്കാലമുക്ക് കിഴക്കേ കല്ലില്‍ അനീഷ് മോഷണം പോയെന്ന് കരുതുന്നബൈക്കുമായി സ്‌റ്റേഷനില്‍ എത്തുന്നത്. ചെങ്ങന്നൂരിലെ കറിപൗഡര്‍ കമ്പനി ജീവനക്കാരനായ അനീഷ് പിരിഞ്ഞു കിട്ടിയ പണം കോന്നി ഫെഡറല്‍ ബാങ്കില്‍ അടയ്ക്കുന്നതിന് വേണ്ടി കയറി ഇറങ്ങി വന്നപ്പോള്‍ മാറി എടുത്തു കൊണ്ടു പോയതാണ്.
വാഹനം ഒരു ദിവസത്തേക്ക് ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയതാണ്. അതു കാരണം വാഹനവുമായി വലിയ പരിചയമില്ല. നമ്പരും അത്ര പിടിയില്ല. ബാങ്കില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ കണ്ടത് സനലിന്റെ ബൈക്കാണ്. അതാകട്ടെ ഏതു താക്കോലിട്ടാലും തുറക്കാവുന്നത്. താന്‍ വന്ന ബൈക്കിന്റെ താക്കോല്‍ ഇട്ടപ്പോള്‍ ബൈക്ക് സ്റ്റാര്‍ട്ടായി. ഓടിച്ചു പോവുകയും ചെയ്തു. തിരിച്ച് ചെല്ലുമ്പോഴാണ് വണ്ടി മാറിയ വിവരം മനസിലാക്കിയത്. നേരെ വാഹനവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് പോന്നു. അനീഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തു. അയാള്‍ വന്ന ബൈക്ക് കോന്നി ബാങ്കിന് മുന്നില്‍ തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു.