
പത്തനംതിട്ട: പരുത്തിപ്പാറ കൊലക്കേസില്‍ എടുത്തു ചാട്ടം കേരള പൊലീസിന് വിനയായി. കൂടല്‍ പൊലീസിന്റെ അപക്വവും അപ്രായോഗികവുമായ നടപടികളാണ് കേരളാ പൊലീസിന്റെ ഒന്നടങ്കം മാനം കെടുത്തിയിരിക്കുന്നത്.
പൊലീസ് പറയുന്നത് വിശ്വസിക്കാമെങ്കില്‍ അഫ്‌സാന കൂടല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് നൗഷാദിനെ താന്‍ അടൂരില്‍ വച്ച് കണ്ടുവെന്ന് പറയുന്നു. തുടര്‍ന്ന് വനിതാ എസ്‌ഐ ഷെമിമോള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ നൗഷാദിനെ കൊന്നുവെന്ന് അഫ്‌സാന കുറ്റസമ്മതം നടത്തുന്നു. പിന്നെ പറഞ്ഞതെല്ലാം പരസ്പര വിരുദ്ധം. മൃതദേഹം പുഴയില്‍ ഒഴുക്കിയെന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെ പരുത്തിപ്പാറയിലെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തുവെന്ന് പറഞ്ഞു. വീടിന് പിന്നില്‍ കുഴിച്ചിട്ടെന്നും വീടിനുള്ളില്‍ മറവ് ചെയ്തുവെന്നും മാറ്റിപ്പറഞ്ഞു കൊണ്ടേയിരുന്നു.
സാധാരണ മനുഷ്യരുടെ ബുദ്ധിക്ക് നിരക്കാത്ത വിധത്തിലുള്ള മൊഴികളെല്ലാം കൂടല്‍ പൊലീസ് വിശ്വസിച്ചുവെന്ന് വേണം കരുതാന്‍. അതു കൊണ്ടാകണം ഇന്നലെ രാവിലെ വന്‍ സന്നാഹവുമായി അഫ്‌സാന പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് കുഴിച്ചത്. പള്ളി സെമിത്തേരിയില്‍ മാത്രം കുഴിക്കാന്‍ പറ്റിയില്ല. അങ്ങോട്ട് കയറിയേക്കരുതെന്ന് പള്ളി അധികൃതര്‍ താക്കീത് കൊടുത്തത് കൊണ്ടു മാത്രമാണ് അവിടെ കയറാതിരുന്നത്.
പൊലീസിന്റെ കുത്തിക്കുത്തിയുള്ള ചോദ്യം ചെയ്യലില്‍ അഫ്‌സാന പരസ്പര വിരുദ്ധമായി മൊഴി നല്‍കിയപ്പോള്‍ തന്നെ ഇവരുടെ മാനസികനില പരിശോധിക്കേണ്ടിയിരുന്നതാണ്. എന്തു കൊണ്ട് ഇവര്‍ ഇങ്ങനെ ഒരു കുറ്റസമ്മതം നടത്തിയെന്നും ഇവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നും മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചതിന് ശേഷം വേണമായിരുന്നു പൊലീസ് അനന്തര നടപടികളിലേക്ക് കടക്കാന്‍.
എന്നാല്‍, കേട്ടപാതി കേള്‍ക്കാത്ത പാതി പോലീസ് പിക്കാസും മണ്‍വെട്ടിയുമായി കുഴിക്കാനിറങ്ങി. ഇനി കുഴിച്ച സ്ഥലങ്ങള്‍ നോക്കുക. വീടിനുള്ളിലെ രണ്ടു മുറികള്‍, വീടിന് പിന്‍വശത്തുള്ള വേസ്റ്റ് ഇടുന്ന സ്ഥലം. വീട് വാടകയ്ക്ക് കൊടുത്തുവെന്നുള്ള ഒരു തെറ്റ് മാത്രമേ ഉടമ ചെയ്തുള്ളു. ഇനി അത് ആര് നന്നാക്കി കൊടുക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.
ഇവിടെ തീരുന്നില്ല പൊലീസിന്റെ കോമഡി. കൊലപാതകം ഒഴിവാക്കി വേറെ ഏതാനും വകുപ്പുകള്‍ ചുമത്തി അഫ്‌സാനയെ റിമാന്‍ഡ് ചെയ്യുന്നു. കോടതിയില്‍ ഹാജരാക്കി താല്‍ക്കാലിക ജാമ്യത്തില്‍ വിടമായിരുന്നു. അത് ചെയ്തില്ല. അഫ്‌സാന കുറ്റസമ്മതം നടത്തിയത് പൊലീസിന്റെ വിരട്ടല്‍ കൊണ്ടാണോ എന്നുള്ളതും പരിശോധിക്കേണ്ടതുണ്ട്.