
അജോ കുറ്റിക്കന്‍
ഉത്തമപാളയം (തമിഴ്‌നാട്) : ജനപ്രതിനിധിമാരെയും മറ്റുഉന്നതരെയും അശ്ലീല വീഡിയോ കോളില്‍ കുടുക്കി പണം തട്ടുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നു. രാജസ്ഥാന്‍, ഹരിയാന, യു.പി, മധ്യപ്രദേശ് എന്നിവിടങ്ങള്‍ ആസ്ഥാനമാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് വിവരം.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തേനി ജില്ലയിലെ പെരിയകുളം നിയമസഭ മണ്ഡലത്തിലെ എം.എല്‍.എ എസ്.ശരവണകുമാറിനെ മോര്‍ഫ് ചെയ്ത വീഡിയോ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതാണ് ഒടുവിലെ സംഭവം.ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍പ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചായിരുന്നു ഇവര്‍ കെണിയൊരുക്കിയിരുന്നത്. ഇതിലൂടെ പണം തട്ടാന്‍ ലക്ഷ്യമിടുന്ന ആളുമായി ഇവര്‍ പരിചയം സ്ഥാപിക്കും. നിരന്തരം ചാറ്റ് ചെയ്ത ശേഷം സംസാരം വീഡിയോ കോളിലേക്ക് വഴി മാറും.
പിന്നാലെ വാട്‌സാപ്പ് നമ്പര്‍ കരസ്ഥമാക്കി വിളി ആരംഭിക്കും. ഇതെല്ലാം മറ്റൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യും. ഈ വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് അയച്ചു കൊടുത്താണ് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ആദ്യം ചെറിയ തുക ആവശ്യപ്പെടുന്ന സംഘം ഇത് ലഭിക്കുന്നതോടെ വലിയ തുകയാണ് ചോദിച്ചിരുന്നത്. ഇത്തരത്തില്‍ പണം നഷ്ടമായതുകള്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ മൂന്നിന് രാത്രിയിലായിരുന്നു എം.എല്‍.എയ്ക്ക് ഫോണ്‍ കോള്‍ എത്തിയത്. എടുത്തെങ്കിലും മറുവശത്ത് പ്രതികരണമുണ്ടായിരുന്നില്ല. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ എംഎല്‍എയുടെ വാട്‌സ്ആപ്പ് നമ്പരിലേക്ക് വീഡിയോ സന്ദേശം ലഭിക്കുകയായിരുന്നു. വിവസ്ത്രയായ സ്ത്രീയുമായി എം.എല്‍.എ വീഡിയോ കോള്‍ വിളിക്കുന്നതായാണ് ദൃശ്യത്തില്‍.പിന്നാലെ ഭീഷണി കോള്‍ എത്തി.
പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് അറിയിച്ചു.ഭയന്നു പോയ എം.എല്‍ എ രണ്ട് തവണയായി പതിനായിരം രൂപ തട്ടിപ്പുകാര്‍ക്ക് നല്കി. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ എം.എല്‍.എ തേനി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്.