പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ സിനിമയായിരുന്നു സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇനി ഉത്തരം. അപര്‍ണ ബാലമുരളിയും ഹരീഷ് ഉത്തമനും മുഖ്യവേഷത്തിലെത്തിയ സിനിമയുടെ കഥാതന്തുവുമായി ഏറെ സാമ്യമുണ്ട് ‘പരുത്തിപ്പാറ നൗഷാദ് കൊലക്കേസി’ന്. സിനിമയുടേത് ത്രില്ലിങ് ക്ലൈമാക്‌സ് ആണെങ്കില്‍ പരുത്തിപ്പാറയിലേത് പോലീസിന് നാണക്കേട് സമ്മാനിക്കുന്ന കോമഡി ആയെന്ന് മാത്രം.
അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന ഡോ. ജാനകി എന്ന കഥാപാത്രം ഒരു ബസില്‍ നിന്ന് ഇറങ്ങി ശാന്തന്‍ പാറ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് തന്റെ കാമുകനെ താന്‍ കൊന്ന് വനമേഖലയില്‍ മൃതദേഹം മറവു ചെയ്തുവെന്ന് പറയുന്നിടത്താണ് സിനിമ തുടങ്ങുന്നത്. കഥാഗതിയില്‍ നിരവധി ട്വിസ്റ്റുണ്ടായി അവസാനം കാമുകനായ അശ്വിനെ കൊന്നത് ഇതേ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് വരുന്നിടത്താണ് ക്ലൈമാക്‌സ്. ഈ കേസ് തെളിയിക്കുന്നതിന് വേണ്ടിയാണ് ഡോ. ജാനകി ചെയ്യാത്ത കൊലപാതകം നടത്തി എന്ന് പറഞ്ഞ് സ്‌റ്റേഷനില്‍ എത്തുന്നത്. സിനിമയില്‍ പക്ഷേ, അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലത്ത് കുഴിക്കുമ്പോള്‍ മൃതദേഹം കിട്ടുന്നുണ്ട്.
ഇതേ പോലെയാണ് കൂടല്‍ പോലീസ് സ്‌റ്റേഷനിലേക്ക് അഫ്‌സാന കടന്നു ചെല്ലുന്നത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവിനെ അടൂരില്‍ വച്ചു കണ്ടുവെന്ന കാര്യം പോലീസില്‍ അറിയിച്ചതിനാണ് അഫ്‌സാനയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് വനിതാ എസ്.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നൗഷാദിനെ കൊന്നു കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തല്‍ കേട്ട് പോലീസ് ഞെട്ടി. പക്ഷേ, മൃതദേഹം എന്തു ചെയ്തുവെന്നുള്ള കാര്യം പരസ്പര വിരുദ്ധമായി പറഞ്ഞതോടെ പോലീസും ശങ്കിച്ചു. മൃതദേഹം കിട്ടാതെ വന്നതോടെ കൊലപാതക കുറ്റം ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. ഭര്‍ത്താവിനെ തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ‘ഇനി ഉത്തരം’ സിനിമ കണ്ട അഫ്‌സാന പ്രയോഗിച്ച തന്ത്രമാണോ കൊലപാതക കഥ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.