
പത്തനംതിട്ട: വിനോദ സഞ്ചാരികള്‍ക്ക് ആറന്മുളയില്‍ പമ്പാ നദിയിലൂടെ ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായി വികസന സമതി. 1096 ലെ തിരുവിതാംകൂര്‍ കനാല്‍ ആന്‍ഡ് ഫെറീസ് ആക്ടില്‍ ആറന്മുളയെക്കൂടിഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവും അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷനും വന്നതോടെ ആണ് ഇത് യാഥാര്‍ഥ്യമാകുന്നത്. 2021 നവംബറില്‍ മാസത്തില്‍ വികസന സമിതി ഈ ആവശ്യവുമായി സര്‍ക്കാരില്‍ നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് ജലസേചന വകുപ്പിന്റെയും ഇന്‍ലാന്റ് നാവിഗേഷന്റെയും കോഴഞ്ചേരി, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം വരെയുള്ള പത്തോളം ഓഫീസുകളില്‍ നിന്നുള്ള ശിപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തു. ടൂറിസം, ജലവിഭവ, നിയമ വകുപ്പുകളുടെ അംഗീകാരത്തോടുകൂടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ജലസേചനം, ടൂറിസം, പോലീസ്, ഫയര്‍ഫോഴ്‌സ്, ഇന്‍ലാന്റ് നാവിഗേഷന്‍, നിയമവകുപ്പ് തലവന്‍മാരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടി ചര്‍ച്ച നടത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന യോഗത്തിന്റെ ശിപാര്‍ശ പ്രകാരം മുഖ്യമന്ത്രിയാണ് ട്രാവന്‍കൂര്‍ കനാല്‍ ആന്‍ഡ് ഫെറി ആക്ടില്‍ ആറന്മുള കൂടി ഉള്‍പ്പെടുത്തി പമ്പാനദിയില്‍ കൂടി യാത്രാബോട്ട് സര്‍വീസ് നടത്തുവാന്‍ ഉത്തരവ് നല്‍കിയത്.
തുടര്‍ന്ന് കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആറന്മുളയില്‍ എത്തുന്ന ഭക്തര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പാര്‍ത്ഥസാരഥി ക്ഷേത്രവും കണ്ണാടി നിര്‍മ്മാണവും പളളിയോടവും തിരുവോണ തോണിയും വാസ്തു വിദ്യാ ഗുരുകുലവും സന്ദര്‍ശിച്ചതിന് ശേഷം പമ്പാനദിയില്‍ കൂടി ബോട്ടില്‍ സഞ്ചരിക്കാന്‍ പദ്ധതി തയാറാക്കും. ആറന്മുള ഉതൃട്ടാതി വള്ളംകളി ട്രാക്കും ക്ഷേത്ര കടവും വിവിധ പള്ളിയോടകടവുകളും പമ്പാനദിയിലെ ഏറ്റവും വലിയ തോടായ കോഴിത്തോടിന്റെ ഉത്ഭവസ്ഥാനവും ആറന്മുള ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരവും ഇതില്‍ ഉള്‍പ്പെടുത്തും.
പമ്പാനദീ തീരത്തെ ജൈവ വൈവിദ്ധ്യങ്ങളും കൃഷിയും ഇരുകരകളിലുമുള്ള ദേവാലയങ്ങളും മാരാമണ്‍ കണ്‍വന്‍ഷന്‍ നഗര്‍, തരംഗം ആറാട്ടുപുഴ തുടങ്ങിയ ആസ്വദിക്കുവാന്‍ ഉതകുന്ന യാത്രാ പാക്കേജുകള്‍ ഒരുക്കുമെന്ന് വികസന സമതി പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍ എന്നിവര്‍ പറഞ്ഞു. ജലടൂറിസം സാധ്യമാകുന്നതോടു കൂടി കിഴക്കിന്റെ കുമരകമായി ആറന്മുളയെ മാറ്റാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ആറന്മുള, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി പഞ്ചായത്തുകള്‍ പ്രമേയം പാസാക്കുകയും ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടു കൂടി അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആറന്മുള സമിതി ഭാരവാഹികളായ സന്തോഷ് കുമാര്‍,ഗിരീഷ് കുമാര്‍, വിനീത് മാലക്കര, ഫാക്ട് മോഹന്‍, തോമസ് മാത്യു കുന്നത്ത് എന്നിവര്‍ അറിയിച്ചു.