മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് (65) അന്തരിച്ചു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.
സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരള്‍ രോഗം കലശലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടര്‍ന്ന് സുമനസുകളുടെ ധനസഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും മുന്‍പ് അദ്ദേഹം വിടപറഞ്ഞു. ഏറെക്കാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. 1977ല്‍ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരംഗത്തേക്ക് എത്തിയത്. തമിഴ് സിനിമയിലും സജീവമായിരുന്നു.